തിരുവില്വാമല: കുത്താന്പുള്ളി ഭാരതപ്പുഴകടവിൽ മുങ്ങിപോയി കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഈറോഡ് പുളിയംപട്ടി സ്വദേശി ശെൽവരാജിന്റെ മൃതദേഹം ഇന്നുരാവിലെ ആറോടെയാണ് പുഴയുടെ നടുഭാഗത്ത് കാണാതായ സ്ഥലത്തുതന്നെ പൊന്തിയത്.
നാട്ടിൽനിന്ന് എത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് ആദ്യം കണ്ടത്. ബന്ധുക്കൾ പുലർച്ചെ മുതൽ തന്നെ പുഴയോരത്ത് നിന്നിരുന്നു. ഇന്നലെ വൈകുന്നേരം നാലോടെയാണ് ശെൽവരാജും കൂട്ടുകാരൻ ജയപ്രകാശും നാട്ടിൽനിന്ന് വരുന്നവഴി പുഴ മുറിച്ച് കടക്കുന്നതിനിടെ മുങ്ങിപോയത്. ജയപ്രകാശിനെ നാട്ടുകാർ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചെങ്കിലും ശെൽവരാജിനെ രക്ഷപ്പെടുത്താനായില്ല. പിന്നീട് ഫയർഫോഴ്സ് എത്തി രാത്രി വൈകുംവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.
മരണത്തിലും കൈവിടാതെ കൈയിലെ പ്ലാസ്റ്റിക് സഞ്ചി
തിരുവില്വാമല: മരണത്തിലും കൈവിടാതെ കൈയിലെ പ്ലാസ്റ്റിക് സഞ്ചി മുറുകെ പിടിച്ചാണ് ശെൽവരാജ് പുഴയുടെ ആഴങ്ങളിലേക്ക് പോയത്. കുത്താന്പുള്ളിയിൽ നെയ്ത്ത് തൊഴിലാളിയായ സഹോദരനെ കൂട്ടിക്കൊണ്ടുപോകുവാനും നാട്ടിലെ ഉത്സവമായ കുംഭാഭിഷേകത്തിന് ക്ഷണിക്കാനുള്ള ക്ഷണപത്രികയടങ്ങിയ പ്ലാസ്റ്റിക് സഞ്ചി അവസാനംവരെയും കൈവിട്ടില്ല.
മൃതദേഹം കരയ്ക്കുകയറ്റിയശേഷമാണ് മുറുകെ പിടിച്ചിരുന്ന സഞ്ചി കൈയിൽനിന്ന് ബന്ധുക്കൾ എടുത്തുമാറ്റിയത്. അനിയനെ കാണാൻ കഴിഞ്ഞില്ലെങ്കിലും നനഞ്ഞ് കുതിർന്ന കുംഭാഭിഷേകത്തിന്റെ ക്ഷണകത്ത് അനിയൻ ഷണ്മുഖത്തിന് കാണാനായി.
ഈറോഡ് ജില്ലയിലെ പനയംപള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായ ശെൽവരാജിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കഗൾ ഏറ്റുവാങ്ങി നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കും.
കരയ്ക്കെത്തിയതു ജയപ്രകാശിനു വിശ്വസിക്കാനാവുന്നില്ല
തിരുവില്വാമല: പുഴയിൽ മരണത്തെ മുഖാമുഖംകണ്ട ജയപ്രകാശിനു താൻ കരയ്ക്കെത്തിയത് വിശ്വസിക്കാനാവുന്നില്ല. സംഭവിച്ച കാര്യങ്ങൾ സംസാരിക്കാൻ പോലുമാവാതെ വിതുന്പി. തമിഴിൽ ഒരുവിധം സംഭവങ്ങൾ പറഞ്ഞു. സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയ എഴുപത്തിരണ്ടുകാരനായ ഷണ്മുഖവും സുരേഷും ചേർന്നാണ് മുങ്ങിപ്പോയ ജയപ്രകാശിനെ കരയ്ക്കെത്തിച്ചത്.
നെയ്ത്തുതൊഴിലാളികളായ ഇരുവരും സംഭവം അറിഞ്ഞയുടനെ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. പോലീസും ഫയർഫോഴ്സും എത്തുന്പോഴേയ്ക്കും ഇവർ ഇയാളെ കരയ്ക്കെത്തിച്ചിരുന്നു. പുഴയിൽ ഒഴുക്കു കുറവാണെങ്കിലും ചെക്ക് ഡാമിൽ വെള്ളം നിറഞ്ഞ് നിൽക്കുന്നുണ്ട്.