തൃശൂർ: കാണാതായിട്ട് ഒരു മാസമായ യുവതിയെ കണ്ടെത്തണമെന്നു ബന്ധുക്കൾ. ചെറുതുരുത്തി ആറ്റൂർ പാറപ്പുറം സ്വദേശിനിയും ഇരുപത്തഞ്ചുകാരിയുമായ ഷെമീമയെ തട്ടിക്കൊണ്ടുപോയതാണെന്നാണു സംശയം.
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ മകളെ കാണാനില്ലെന്നു പിതാവ് അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെയും കണ്ടെത്താനായിട്ടില്ല. പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും കർണാടകത്തിലുമുള്ള പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം നൽകിയിട്ടുണ്ട്.
വടക്കാഞ്ചേരിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിനിയായിരുന്നു ഷെമീമ. ഒന്നാം തീയതി പുലർച്ചെ വീടിന്റെ വാതിൽ പുറത്തുനിന്നു പൂട്ടിയാണ് യുവതി സ്ഥലംവിട്ടതെന്നു പിതാവ് അലി ഉൾപ്പെടെയുള്ള ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.