മാനന്തവാടി: വെള്ളമുണ്ട പാതിരിച്ചാൽ പൊയ്ക്കുന്നേൽ ഷിനുവിനെ(38) കഴിഞ്ഞ 28നു രാവിലെ വീടിനു സമീപം വാഴത്തോപ്പിൽ മരിച്ച നിലയിൽ കണ്ടതുമായി ബന്ധപ്പെട്ട കേസ് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ നിർമലഗിരി കൈതേരി പുതിയവീട്ടിൽസിജീഷിനെയാണ്(37)വെള്ളമുണ്ട പോലീസ് അറസ്റ്റു ചെയ്തത്.
ഷിനുവിന്റെ മരണം സംബന്ധിച്ച് സിജീഷ് പാതിരിച്ചാൽ സ്വദേശികളായ ചിലരെ ഫോണിൽ വിളിച്ച് ചില സൂചനകൾ നൽകിയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട പോലീസ് കേസെടുത്ത് സിജീഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കണ്ണൂർ ഉളിക്കലിൽ ആദ്യഭാര്യയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഇയാളെന്നു പോലീസ് അറിയിച്ചു.