മലയാളികളെ മിമിക്രിയിലൂടെ ഏറെ ചിരിപ്പിച്ച നടന് അബിയുടെ പെട്ടന്നുള്ള മരണം, ആദ്ദേഹത്തിന്റെ ആരാധകര്‍ക്കെന്നപോലെ അടുത്ത സുഹൃത്തുക്കള്‍ക്കും വലിയ ആഘാതമാണുണ്ടാക്കിയത്. അബിക്ക് അസുഖം ഉണ്ടെന്ന് അറിയാമെങ്കിലും ഇത്ര പെട്ടന്നൊരു മരണം ആരും പ്രതീക്ഷിച്ചിരുന്നില്ല. അബി മരിച്ചതിന് തൊട്ട് തലേദിവസം അബിയോടൊപ്പം യാത്ര ചെയ്ത അടുത്ത സുഹൃത്ത് ഷെരീഫ് ചുങ്കത്ത് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് അബിയുടെ മരണം എത്ര ആകസ്മികമായിരുന്നു എന്ന് വ്യക്തമാക്കുന്നത്. ചിരിച്ചും കളിച്ചും തനിക്ക് മിമിക്രി അവതരിപ്പിച്ചു തന്നും തന്നോടൊപ്പം യാത്ര ചെയ്ത അബിക്ക തൊട്ടുപിറ്റേ ദിവസം ഈ ലോകത്തുപോലുമില്ല എന്നത് സുഹൃത്തെന്ന നിലയില്‍ ഷെരീഫിന് വിശ്വസിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല. ആ അനുഭവമാണ് ഷെരീഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.
ഷെരീഫ് ചുങ്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
ഇന്നലെ (291117)ഉച്ചകഴിഞ്ഞ് ഞാന്‍ വീട്ടിലിരിക്കുമ്പോള്‍ എന്റെ മൊബൈല്‍ റിംഗ് ചെയ്യുന്നത് കണ്ട് നോക്കുമ്പോള്‍ അബീക്കയാണ്.അത്യാവശ്യമായി നീ ഒന്ന് എന്റെ വീട്ടിലേക്ക് വരണം എനിക്ക് ഒരിടം വരെ പോകാനുണ്ട് കൂടെ നീ വരണം. എങ്ങോട്ട് എന്നെന്റെ ചോദ്യത്തിന് വന്നിട്ട് പറയാമെന്ന് പറഞ്ഞു, ഞാന്‍ കൃത്യം രണ്ട് മണിക്ക് അബീക്കയുടെ വീട്ടിലെത്തി എന്നെ വിളിച്ചിരുത്തി ഭക്ഷണം കഴിക്കുന്നതിനിടയില്‍ എന്നോട് പറഞ്ഞു നമുക്ക് ചേര്‍ത്തല കായ്പുറം എന്ന സ്ഥലം വരേ ഒന്ന് പോകണം ഒരു വൈദ്യനെ കാണണം കുറച്ച് മരുന്നും വാങ്ങണം. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും ചേര്‍ത്തലയിലേക്ക് യാത്ര തിരിച്ചു, ആയുര്‍വേദം കഴിച്ചിട്ട് ഇക്കയുടെ അസുഖം ഭേദമാകുന്നില്ലെങ്കില്‍ വേറെ ഏതെങ്കിലും ഹോസ്പിറ്റലില്‍ നമുക്ക് പോയാലോ എന്ന എന്റെ ചോദ്യത്തിന് തന്ന മറുപടി ഇതും കൂടി നോക്കാം കുറഞ്ഞില്ലെങ്കില്‍ അമേരിക്കയില്‍ ചികില്‍സ തേടാം. ചേര്‍ത്തലയിലെ വൈദ്യ ചികില്‍സയില്‍ അസുഖം പൂര്‍ണ്ണമായി മാറും എന്ന് എനിക്ക് ഉറപ്പ് തന്നിരുന്നു .
വൈദ്യനെ കണ്ട് തിരിച് വരുമ്പോള്‍ രാത്രി 9 മണി കഴിഞ്ഞു,7 മണിക്കൂര്‍ മനസ്സ് തുറന്ന് എന്നോട് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. അബിക്കയുടെ കഴിഞ്ഞ 35 വര്‍ഷത്തെ മിമിക്രി ജീവിതത്തെ കുറിച്ചുള്ള ഓര്‍മകള്‍ പുതുക്കി ,അതില്‍ അബിക്കയുടെ ജന്മനാടായ മൂവാറ്റുപുഴയും ഉണ്ടായിരുന്നു. സിനിമ ലോകത്ത് എങ്ങും എത്താതിരുന്നതില്‍ ആരോടും പരിഭവം ഇല്ല എന്ന് കൂടെ കൂടെ എന്നോട് പറഞ്ഞിരുന്നു. മകന് ഷെയിന്‍ നിഗത്തില്‍ ഇക്കാക്കുള്ള പ്രതീക്ഷകള്‍ എന്നോട് തുറന്നു പറഞ്ഞിരുന്നു. അവസാനം ഞങ്ങള്‍ പിരിയുന്നതിന് മുന്‍പ് വണ്ടിയില്‍ ഇരുന്ന് ഒരുപാട് സിനിമ നടന്മാരെ അനുകരിക്കുകയും കോമഡി പറഞ്ഞ് എന്നെ പൊട്ടി ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു.ആ നിമിഷം ഞാന്‍ ഒരിക്കലും കരുതിയില്ല ഇത് മിമിക്രിയുടെ സുല്‍ത്താന്‍ അവതരിപ്പിക്കുന്ന അവസാന വേദിയാകും ഇതെന്ന്, അവസാന ഓഡിയന്‍സാകും ഈ ഞാനെന്ന്.
അങ്ങനെ വീട്ടിലെത്തി പിരിയാന്‍ നേരം അബീക്ക എന്നോട് പറഞ്ഞു ഞാന്‍ കുറെ കാലങ്ങള്‍ക്ക് ശേഷം ഒരുപാട് മനസ്സ് തുറന്ന് സന്തോഷിച്ച യാത്രയായിരുന്നു ഇതെന്ന് നാളെ രാവിലെ നീ ഒന്നു കൂടി വരണം നമുക്ക് വേറെ ഒരു സ്ഥലത്ത് കൂടി പോകണം ഞാന്‍ വിളിക്കാമെന്നു പറഞ്ഞു അബീക്ക എന്നെ വീട്ടിലേക്കയച്ചു. ഇന്ന് രാവിലെ അബീക്കയുടെ ഫോണ്‍ കോള്‍ കണ്ട് സലാം പറഞ്ഞ് ഫോണെടുക്കമ്പോള്‍ അങ്ങേതലക്കലില്‍ ഒരു വിതുമ്പുന്ന ഇടറിയ ശബ്ദത്തില്‍ അബീക്ക പോയി എന്ന് പറഞ്ഞ് പൊട്ടിക്കരച്ചില്‍ ഇത് കേട്ടതും ഞെട്ടിതരിച്ച് ഷോക്കേറ്റപോലെ അവസ്ഥയില്‍ എന്റെ കണ്ണു നറഞ്ഞു. അബീക്ക നമുക്കൊരുമിച്ച് ഒരു യാത്ര പോകണമെന്ന് പറഞ്ഞിട്ട് എന്നെന്നേക്കുമായി ഞങ്ങളെ വിട്ട് പോയല്ലോ. പരലോക ജീവിതം വിജയത്തിലാക്കാന്‍ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന മാത്രമാണ് ഈ അനുജന് പകരം തരാനുള്ളൂ.