കോളിളക്കം സൃഷ്ടിക്കുന്ന കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും നടത്തിയതിന് ശേഷം ജയിലില്‍ പോകുന്നവരെക്കുറിച്ച് പിന്നീട് ഒരറിവും ഉണ്ടാകാറില്ല. എന്നാല്‍ ഇത്തരത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മാവേലിക്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനേക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഷെറിന്‍ രണ്ടു വര്‍ഷം മുന്‍പുവരെ തിരുവനന്തപുരം വനിതാ ജയിലിലായിരുന്നു. പ്രമുഖ വ്യക്തികള്‍ ജയില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ താലമേന്തി സ്വീകരിക്കുന്നതു ഷെറിനായിരുന്നു. മൊബൈല്‍ ഫോണ്‍ വിളി പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. വനിതാ ജയിലിലെ ചില വനിതാ വാര്‍ഡര്‍മാരാണു ഫോണ്‍ വിളിക്കു ഷെറിന് ഒത്താശ ചെയ്തിരുന്നത്.
സിം കാര്‍ഡ് ഊരിയ ശേഷം സ്വന്തം മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ജയില്‍ അടുക്കളയില്‍ പ്ലഗില്‍ കുത്തിവയ്ക്കും. ഷെറിന്‍ കൈവശമുള്ള സ്വന്തം സിം കാര്‍ഡ് അതിലിട്ടു രഹസ്യമായി വേണ്ടപ്പെട്ടവരെയെല്ലാം വിളിക്കും. ഇതു സ്ഥിരം പരിപാടിയായതോടെ ജയിലിലെ സഹതടവുകാരിയും ഒരു ദിവസം വാര്‍ഡന്‍മാരോട് ഫോണ്‍ ചോദിച്ചു. എന്നാല്‍ ജീവനക്കാര്‍ നല്‍കിയില്ല. അതോടെ ഷെറിന്റെ ഫോണ്‍വിളി ഉന്നതരുടെ ചെവിയിലെത്തി. മറ്റൊരു തടവുകാരി രേഖാമൂലം പരാതിയും നല്‍കി. അന്വേഷണം നടത്തി. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ ഒരു തടവുകാരനെയും മറ്റു ചിലരെയും സ്ഥിരമായി ഷെറിന്‍ വിളിക്കുന്നതായി കണ്ടെത്തി. അതൊടൊപ്പം ഫോണ്‍ വിളിക്ക് ഒത്താശ ചെയ്ത മൂന്നു വനിതാ ഉദ്യോഗസ്ഥരുടെ പേരുകള്‍ സഹിതം നടപടി റിപ്പോര്‍ട്ട് മുകളിലോട്ടു പോയി.
ശിക്ഷാ നടപടിയുടെ ഭാഗമായി ഷെറിനെ വിയ്യൂര്‍ വനിതാ ജയിലിലേക്കു മാറ്റി. എന്നാല്‍ ഫോണ്‍ വിളിയുടെ പേരിലായിരുന്നില്ലെന്നു മാത്രം. ഒപ്പം ഒത്താശ ചെയ്തവര്‍ക്കു കിട്ടിയതാണു ശിക്ഷ. ആ മൂന്നു പേരെ മാറ്റിയതു മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള പൂജപ്പുര വനിതാ ഓപ്പണ്‍ ജയിലിലേക്കാണ്. വിയ്യൂരില്‍ ഷെറിനു കഠിനജോലിയൊന്നും പറ്റില്ല. വെയില്‍ കൊള്ളാന്‍ വയ്യ. സെല്ലില്‍ നിന്നു ജയില്‍ ഓഫിസിലേക്കു നടക്കുമ്പോള്‍ വെയിലു കൊള്ളാതിരിക്കാന്‍ ഷെറിന് ഇപ്പോള്‍ ഒരു കുട അനുവദിച്ചിട്ടുണ്ട്. ജയില്‍ ഡോക്ടറുടെ കുറിപ്പടി പ്രകാരമാണിത്. ജയില്‍ അടുക്കളയില്‍ ജോലിയും നല്‍കി. എന്നാല്‍, ഇപ്പോള്‍ വനിതാ ഓപ്പണ്‍ ജയിലില്‍ ഇവരെ എത്തിക്കണമെന്നാണു ചില ഉന്നത ജയില്‍ ഉദ്യോഗസ്ഥരുടെ വാശി. അതിനാല്‍ വിയ്യൂരില്‍ ഇവര്‍ പ്രശ്‌നക്കാരി എന്നു വരുത്തി മാറ്റാനാണു ശ്രമം. ചുരുങ്ങിയ കാലത്തിനുള്ളില്‍ ജയിലില്‍ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരി ഷെറിനാണ്.
പരോള്‍ കാലാവധി തീര്‍ന്നിട്ടും മടങ്ങി വരാതിരുന്നാലും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കില്ല. ഒരു ദിവസം വൈകിപ്പോയ വിയ്യൂരിലെ നിര്‍ധനയായ തടവുകാരിക്ക് ഇപ്പോള്‍ ഒരു വര്‍ഷത്തേക്കു പരോള്‍ നിഷേധിച്ചിരിന്ന സാഹചര്യത്തിലാണ് ഇത്. വിഐപി തടവുകാര്‍ക്ക് പ്രത്യേക അടുക്കള, ഭക്ഷണം ജയിലിലെ അടുക്കളയില്‍ ജോലി ചെയ്യുന്ന ചില തടവുകാര്‍ ജീവനക്കാരുടെ മൗനാനുവാദത്തോടെ പ്രമുഖരുടെ സെല്ലുകളില്‍ ഭക്ഷണമെത്തിക്കും. ഇത്തരം പ്രമുഖര്‍ക്കു മറ്റു തടവുകാര്‍ക്കൊപ്പം പോയി ഭക്ഷണത്തിനു ക്യൂ നില്‍ക്കേണ്ട. ലഭിക്കുന്ന ഭക്ഷണം കൂടുതല്‍ മെച്ചപ്പെട്ടതുമാകും. ശിക്ഷാത്തടവുകാരുടെ സെല്ലുകള്‍ക്കുള്ളില്‍ ഒരുവശത്തു ക്ലോസറ്റ് ഉണ്ടാകും. രാത്രിയില്‍ അത്യാവശ്യം ഉണ്ടായാല്‍ ഉപയോഗിക്കാന്‍ വേണ്ടിയാണത്. പക്ഷേ, സെലിബ്രിറ്റി തടവുകാരുടെ സെല്ലുകളില്‍ ഈ ക്ലോസറ്റ് ഉപയോഗിക്കുന്നത് അടുക്കളയായിട്ടാണ്. ക്ലോസറ്റ് നിര്‍മിക്കാന്‍ ഉയര്‍ത്തിക്കെട്ടിയ ഭിത്തിയുടെ ഒരുഭാഗം വൃത്തിയാക്കിയെടുത്ത് അവിടം അടുക്കളയാക്കി മാറ്റുകയാണ്.