ഹൂസ്റ്റണ്: മൂന്നുവയസുകാരി ഷെറിൻ മാത്യൂസിനെ കൊലപ്പെടുത്തിയ കേസിൽ വളർത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് ജീവപര്യന്തം തടവ്. ബുധനാഴ്ച ഡാളസിലെ കോടതിയാണ് വെസ്ലി മാത്യൂസിനെ (39) ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. തിങ്കളാഴ്ച വെസ്ലി മാത്യൂസ് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. 30 വർഷത്തിനു ശേഷമേ വെസ്ലിക്ക് പരോൾ അനുവദിക്കു.
2017 ഒക്ടോബർ ഏഴിനാണ് ഡാളസിലെ വീട്ടിൽനിന്ന് ഷെറിനെ കാണാതായെന്ന് വെസ്ലി പോലീസിൽ പരാതിനൽകിയത്. പാലുകുടിക്കാത്തതിന് രാത്രി കുട്ടിയെ വീടിനുപുറത്തുനിർത്തിയെന്നും 15 മിനിറ്റിനുശേഷം അവളെ കാണാതാവുകയായിരുന്നെന്നുമാണ് വെസ്ലിയുടെ മൊഴി. രണ്ടാഴ്ചയ്ക്കുശേഷമാണ് ഡാളസിലെ കലുങ്കിനടിയിലെ ചവറുകൂനയിൽനിന്ന് മൃതദേഹം കണ്ടെടുത്തത്.
ഗാരേജിൽ വച്ച് പാലു കുടിക്കാൻ നിർബന്ധിക്കുന്നതിനിടെ തന്റെ ശബ്ദം ഉയർന്നു. ഇതു കേട്ടു ഭയന്ന കുഞ്ഞിനു പെട്ടെന്നു ശ്വാസ തടസമുണ്ടായെന്നും അബോധാവസ്ഥയിലായെന്നും വെസ്ലി പറയുന്നു. അടിയന്തര സഹായം തേടുന്നതിൽ നിന്നു തന്നെ പിന്തിരിപ്പിച്ചത് അകാരണമായ ഭയമായിരുന്നെന്നും വെസ്ലി വിചാരണയുടെ രണ്ടാം ദിവസം കോടതിയിൽ പറഞ്ഞു.
അതേസമയം വെസ്ലിയുടെ വാദങ്ങളെ പ്രോസിക്യൂട്ടർമാർ ശക്തമായി എതിർത്തു. മകളെ കാണാതായി തിരച്ചിൽ നടക്കുന്പോഴെല്ലാം വെസ്ലിശാന്തനായിരുന്നു. മാത്യൂസിനെ കണ്ടപ്പോൾ മുതൽ തനിക്ക് സംശയമുണ്ടായിരുന്നെന്ന് റിച്ചാർഡ്സണ് അന്വേഷണ ഉദ്യോഗസ്ഥൻ വിക്ടർ ഡയസ് കോടതിയിൽ പറഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്യാൻ വെസ്ലി അഞ്ചു മണിക്കൂറെടുത്തു.
അതും ഡിപ്പാർട്മെന്റിന്റെ അത്ര അടിയന്തരമല്ലാത്ത ലൈനിലേക്കാണ് വിളിച്ചത്. ഒരാളെ കാണാതായ കേസിൽ ഇങ്ങനെ ആരും ചെയ്യാറില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.വിചാരണയ്ക്കിടെ കുഞ്ഞിന്റെ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളും വെസ്ലിയെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമെല്ലാം കോടതി പരിശോധിച്ചു.
പാലു കുടിക്കാത്തതിനു പുറത്തു നിർത്തിയപ്പോൾ കുട്ടിയെ കാണാതായെന്നാണു വെസ്ലി ആദ്യം കോടതിയിൽ മൊഴി നൽകിയത്. അന്നു വെസ്ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടയിൽനിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ ശേഷം വെസ്ലി മാത്യൂസ് മൊഴി മാറ്റി പറഞ്ഞു.