ഹൂസ്റ്റണ്‍: മൂന്നു വയസുകാരി ഷെറിൻ മാത്യൂസിനെ കൊലപ്പെടുത്തി മൃതദേഹം പാലത്തിനടിയിൽ ഒളിപ്പിച്ച കേസിൽ എറണാകുളം സ്വദേശിയായ വളർത്തു പിതാവ് വെസ്ലി മാത്യൂസ് കുറ്റം സമ്മതിച്ചു. കുട്ടിയെ പരിക്കേൽപ്പിച്ചെന്ന കുറ്റമാണ് മാത്യൂസ് സമ്മതിച്ചത്. കേസിൽ ശിക്ഷയിളവ് ലഭിക്കുന്നതിന് വേണ്ടിയാണിത്.കൊലപാതക കേസിൽ ഡാളസ് കോടതിയിൽ വിചാരണ നടക്കുന്നതിനു മുന്‍പായാണ് നാടകീയ സംഭവം.
കേസിൽ കൊലപാതക കുറ്റം തെളിഞ്ഞാൽ പരോളില്ലാത്ത ജീവപര്യന്തം തടവാകും മാത്യൂസിന് ലഭിക്കുക. എന്നാൽ പരിക്കേൽപ്പിച്ച കുറ്റം മാത്രമാണ് ചുമത്തപ്പെടുന്നതെങ്കിൽ 30 വർഷം തടവുശിക്ഷയിൽ ഒതുങ്ങും. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന വളർത്തമ്മ സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു.
ഷെറിന്റെ മരണത്തിൽ സിനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂട്ടർമാർക്കു സാധിക്കാതിരുന്നതിനെ തുടർന്നു കുറ്റവിമുക്തയാക്കാൻ കോടതി തീരുമാനിച്ചത്. കുറ്റക്കാരിയെന്നു കണ്ടെത്തിയിരുന്നെങ്കിൽ 20 വർഷംവരെ സിനി തടവുശിക്ഷ അനുഭവിക്കേണ്ടി വന്നേനെ.
2017 ഒക്ടോബറിലാണ് ഷെറിൻ കൊല്ലപ്പെട്ടത്. പുലർച്ചെ വീട്ടിൽനിന്ന് അപ്രത്യക്ഷയായ ഷെറിന്റെ മൃതദേഹം രണ്ടാഴ്ചയ്ക്കു ശേഷം വീടിനു മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തി. ഇതേത്തുടർന്ന് സിനിയും ഭർത്താവ് വെസ്ലിയും അറസ്റ്റിലായി.
വളർച്ചാപ്രശ്നം നേരിടുന്ന കുട്ടി പാലു കുടിക്കാൻ വിസമ്മതിച്ചപ്പോൾ വീടിനു പുറത്തുനിർത്തി ശിക്ഷിച്ചെന്നും തുടർന്ന് കാണാതാകുകയുമായിരുന്നെന്നാണ് വെസ്ലി പോലീസിന് നൽകിയ ആദ്യ മൊഴി. നിർബന്ധിച്ചു പാലു കുടിപ്പിച്ചപ്പോൾ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ പിന്നീട് സമ്മതിച്ചു.
എറണാകുളം സ്വദേശിയായ വെസ്ലി മാത്യുവും സിനിയും ചേർന്ന് ബിഹാറിലെ മദർ തെരേസ അനാഥ് സേവാ ആശ്രമത്തിൽ നിന്നാണ് ഷെറിനെ ദത്തെടുക്കുന്നത്. നാലു വയസുള്ള മറ്റൊരു മകൾ ഇവർക്കുണ്ട്. വെസ്ലി അറസ്റ്റിലായതിനു പിന്നാലെ ഈ കുഞ്ഞിന്റെ സംരക്ഷണം ശിശു സംരക്ഷണവിഭാഗം ഏറ്റെടുത്തു.