കൂത്തുപറമ്പ്: പ്രിയപ്പെട്ടവന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടും മൃതദേഹം ഒരു നോക്കു കാണാൻ ഉറ്റവർക്കു കാത്തിരിക്കേണ്ടി വന്നത് ഒമ്പതു ദിവസത്തോളം. അഞ്ചരക്കണ്ടി കുഴിമ്പാലമെട്ടയിലെ സൈനിക ഉദ്യോഗസ്ഥൻ എൻ.കെ.ഷെറിന്റെ ഭൗതികശരീരം ഇന്ന് ഔദ്യോഗികമായി സംസ്കരിച്ചതോടെ ബന്ധുക്കളുടെ കണ്ണീരോടെയുള്ള ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനാണു വിരാമമായത്.
ഈ മാസം മൂന്നിനായിരുന്നു ഷെറിൻ ഉൾപ്പെടെ 13 വ്യോമസേനാ ഉദ്യോഗസ്ഥരുമായി അസമിലെ ജോർഹത്തിൽ നിന്നും അരുണാചലിലെ വ്യോമതാവളത്തിലേക്കു പുറപ്പെട്ട വിമാനം കാണാതായത്. എന്നാൽ ഞെട്ടിപ്പിക്കുന്ന ഈ വാർത്ത സത്യമാകരുതേ എന്ന പ്രാർത്ഥനയോടെ ഷെറിൻ തിരിച്ചെത്തുന്നതും കാത്തിരിക്കുകയായിരുന്നു വീട്ടുകാർ.
വ്യോമസേനാ വിഭാഗവുമായി ബന്ധപ്പെട്ടെങ്കിലും ഇതു സംബന്ധിച്ച തുടർവിവരങ്ങളൊന്നും ബന്ധുക്കൾക്കു ലഭിച്ചതുമില്ല. പിന്നീട് ഈ മാസം 13 ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും ഷെറിൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മരണപ്പെട്ടെന്നും ഔദ്യോഗിക സ്ഥിരീകരണം വന്നു.
അതോടെ ഷെറിൻ തിരിച്ചെത്തുമെന്ന വീട്ടുകാരുടെ പ്രതീക്ഷയും അസ്ഥാനത്തായി. അതോടെ ശോകമൂകമായി ഷെറിന്റെ വീട്. അവസാന നിമിഷം വരെ ഭാര്യയേയും മാതാപിതാക്കളെയും മരണവിവരം അറിയിക്കാതിരിക്കാൻ ബന്ധുക്കൾ കിണഞ്ഞു ശ്രമിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കാണു ഷെറിന്റെ മാതാപിതാക്കളെ മരണവിവരം അറിയിച്ചത്.
എഴുവർഷം മുമ്പായിരുന്നു പി.കെ.പവിത്രൻ-എം.കെ.ശ്രീജ ദമ്പതികളുടെ മകനായ ഷെറിൻ നാവികസേനയിൽ ചേർന്നത്. 2017 മേയ് മുതൽ അരുണാചലിലെ മേചുകയിലായിരുന്നു ജോലി. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വണ്ടിക്കാരൻപീടികയിലെ അഷിതയുമായുള്ള വിവാഹം. അഷിത ഇപ്പോൾ ഗർഭിണിയുമാണ്. കഴിഞ്ഞ മാർച്ചിൽ അവധിക്കു നാട്ടിൽവന്ന ഷെറിൻ ഒന്നരമാസം മുമ്പാണു തിരിച്ചുപോയത്. ഷാലിയാണു ഷെറിന്റെ സഹോദരി.