പാറ്റ്‌ന: അമേരിക്കയിലെ ടെക്‌സാസില്‍ കാണാതായ പെണ്‍കുട്ടിയെ വളര്‍ത്തച്ഛന്‍ വെസ് ലി മാത്യു ബിഹാറില്‍ നിന്നു ദത്തെടുത്തതെന്നു സ്ഥിരീകരണം. പാല്‍ കുടിക്കാന്‍ കുട്ടി വിസമ്മതിച്ചതിനെത്തുടര്‍ന്ന് അര്‍ധരാത്രിയില്‍ വീടിനു പുറത്തിറക്കി നിര്‍ത്തുകയും പിന്നീട് കാണാതാവുകയുമായിരുന്നു എന്നാണ് വെസ് ലി മാത്യു പോലീസിനോടു പറഞ്ഞത്.
നളന്ദയിലെ മദര്‍ തെരേസ ആനന്ദ് സേവാ സന്‍സ്ഥാനില്‍ നിന്നാണ് എറണാകുളം കാരായ ഷെറിന്‍ മാത്യൂവും സിനിയും മൂന്നു വയസുകാരിയെ ദത്തെടുത്തത്.
ബീഹാര്‍ സ്‌റ്റേറ്റ് അഡോപ്ഷന്‍ റെസ്‌ക്യൂ ഏജന്‍സി ഉദ്യോഗസ്ഥരും വെസ്‌ലിയും സിനിയുമാണ് കുട്ടിയെ ദത്തെടുത്തെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നര വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച നിലയില്‍ ബീഹാറിലെ ഗയ ജില്ലയില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ 2015 ഫെബ്രുവരി 4 നായിരുന്നു എന്‍ജിഒ യ്ക്ക് കൈമാറിയത്. ദത്തെടുക്കും മുമ്പ് കുട്ടിയുടെ പേര് സരസ്വതി എന്നായിരുന്നു. ചെറിയ ദുര്‍വാശിയുണ്ട് എങ്കിലും സാധാരണ കുട്ടി തന്നെയായിരുന്നു. എന്‍ജിഒ യിലെ കെയര്‍ടേക്കറായ ഒരു സ്ത്രീയുമായി കുഞ്ഞിന് നല്ല അടുപ്പമുണ്ടായിരുന്നു.
മുത്തശ്ശി എന്ന് കുട്ടി വിളിച്ചിരുന്ന സ്ത്രീയ്ക്ക് വേണ്ടി മണിക്കൂറോളം കുഞ്ഞ് അനാഥാലത്തിന്റെ പടിക്കെട്ടുകളില്‍ ഇരിക്കുമായിരുന്നു. ഈ സ്ത്രീ എത്തുമ്പോള്‍ ഓടിയെത്തി അവരെ കുട്ടി കെട്ടിപ്പിടിക്കുന്നതും പതിവായിരുന്നെന്ന് എന്‍ജിഒയുടെ സെക്രട്ടറി ബബിതാ കുമാരി പറയുന്നു. കുട്ടിയുടെ കണ്ണിന് ചെറിയ കാഴ്ചക്കുറവുണ്ടായിരുന്നെന്നും ഇവര്‍ ഓര്‍ക്കുന്നു. വന്ന ദിവസം നിശബ്ദയായിരുന്ന കുട്ടി പതിയെ പതിയെ എല്ലാവരുമായി അടുക്കുകയും കൂട്ടാകുകയുമായിരുന്നെന്നും ബബിത പറയുന്നു. വാര്‍ത്ത പുറത്തു വന്നതിനു ശേഷമാണ് കുട്ടിയെ കാണാതായ വിവരം അനാഥാലയത്തിലെ എല്ലാവരും അറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23 നായിരുന്നു ദമ്പതികള്‍ കുട്ടിയെ ഏറ്റെടുത്തതും അമേരിക്കയ്ക്ക് കൊണ്ടുപോയതും.
പാല്‍ കുടിക്കാത്തതിനെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടില്‍ നിന്നും നൂറ് അടി അകലെ പിന്നിലുള്ള മരത്തിന് സമീപം പോയി നില്‍ക്കാന്‍ കുട്ടിയോട് ആവശ്യപ്പെട്ടുവെന്നാണ് പിതാവ് വെസ്‌ലിമാത്യൂ പറയുന്നത്. 15 മിനിറ്റിന് ശേഷം ഇവിടെ നിന്നും കാണാതായി. അപകടകരമായ സാഹചര്യത്തില്‍ കുട്ടിയെ ഉപേക്ഷിച്ചതിന് ഇയാള്‍ക്കെതിരേ കേസ് എടുത്തു. കുഞ്ഞിനെ കൊന്നത് ഇയാള്‍ തന്നെയാണെന്ന സംശയം ബലപ്പെടുന്ന തെളിവുകളും പുറത്തു വന്നിട്ടുണ്ട്.