ഡാളസ്: അമേരിക്കയിലെ ടെക്സസിൽ ഷെറിൻ മാത്യൂസ് എന്ന മൂന്നു വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന മലയാളി യുവതി സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാക്കി. വെള്ളിയാഴ്ചയാണു ഡാളസ് കൗണ്ടിയിലെ 282 ക്രിമിനൽ ഡിസ്ട്രിക്ട് കോടതി വിധി പറഞ്ഞത്.
ഷെറിന്റെ മരണത്തിൽ സിനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂട്ടർമാർക്കു സാധിക്കാതിരുന്നതിനെ തുടർന്ന് കുറ്റവിമുക്തയാക്കാൻ കോടതി തീരുമാനിച്ചത്. കുറ്റക്കാരിയെന്നു കണ്ടെത്തിയിരുന്നെങ്കിൽ 20 വർഷംവരെ സിനി തടവുശിക്ഷ അനുഭവിക്കേണ്ടി വന്നേനെ. കുറ്റവിമുക്തയാക്കിയതിനെ തുടർന്നു തടവിലായിരുന്ന സിനിയെ മോചിപ്പിച്ചു. എന്നാൽ സിനിയുടെ ഭർത്താവ് വെസ്ലി മാത്യൂസ് വിചാരണ നേരിടണം. വെസ്ലിയുടെ വിചാരണ മേയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
2017 ഒക്ടോബറിലാണ് ഷെറിൻ കൊല്ലപ്പെട്ടത്. പുലർച്ചെ വീട്ടിൽനിന്ന് അപ്രത്യക്ഷയായ ഷെറിന്റെ മൃതദേഹം രണ്ടാഴ്ചയ്ക്കുശേഷം വീടിനു മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തി. ഇതേതുടർന്ന് സിനിയും ഭർത്താവ് വെസ് ലിയും അറസ്റ്റിലായി.
വളർച്ചാപ്രശ്നം നേരിടുന്ന കുട്ടി പാലു കുടിക്കാൻ വിസമ്മതിച്ചപ്പോൾ വീടിനു പുറത്തുനിർത്തി ശിക്ഷിച്ചെന്നും തുടർന്ന് കാണാതാകുകയുമായിരുന്നെന്നാണ് വെസ്ലി പോലീസിന് നൽകിയ ആദ്യ മൊഴി. നിർബന്ധിച്ചു പാലു കുടിപ്പിച്ചപ്പോൾ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ പിന്നീട് സമ്മതിച്ചു.
എറണാകുളം സ്വദേശിയായ വെസ്ലി മാത്യുവും സിനിയും ചേർന്ന് ബിഹാറിലെ മദർ തെരേസ അനാഥ് സേവാ ആശ്രമത്തിൽനിന്നാണ് ഷെറിനെ ദത്തെടുക്കുന്നത്. നാലു വയസുള്ള മറ്റൊരു മകൾ ഇവർക്കുണ്ട്. വെസ്ലി അറസ്റ്റിലായതിനു പിന്നാലെ ഈ കുഞ്ഞിന്റെ സംരക്ഷണം ശിശു സംരക്ഷണവിഭാഗം ഏറ്റെടുത്തു.