ടെക്സാസ്: അമേരിക്കയിലെ റിച്ചാര്ഡ്സണില് നിന്നും ശനിയാഴ്ച പുലര്ച്ചെ കാണാതായ മൂന്നു വയസുകാരി ഷെറിന് മാത്യൂസിനെ ഇതുവരെകണ്ടെത്താനായില്ല. മൂന്നു വയസുമാത്രമുള്ള ദത്തുപുത്രിയെ പാല് കുടിക്കാത്തതിന് ശകാരിച്ച് വീടിന് പുറത്തു നിര്ത്തിയതിന് പിന്നാലെയാണ് കാണാതായത്. 15നു മിനിറ്റിനു ശേഷം നോക്കുമ്പോള് ദത്തുപുത്രിയെ കാണാതാകുകയായിരുന്നെന്നാണ് മലയാളി ദമ്പതികള് പോലീസിനോടു പറഞ്ഞത്. പുലര്ച്ചെ മൂന്നിന് നടന്ന സംഭവം അഞ്ചുമണിക്കൂറിന് ശേഷമാമ് പോലീസില് റിപ്പോര്ട്ട് ചെയ്തത്. ഇതോടെ ദമ്പതികളുടെ മൊഴിയില് സംശയം തോന്നിയ പൊലീസ് ദമ്പതികളുടെ നാലുവയസ്സുകാരിയായ സ്വന്തം മകളെ കസ്റ്റഡിയിലെടുത്ത് ചൈല്ഡ് കെയര് വിഭാഗത്തിന്റെ സംരക്ഷണയിലാക്കി.
ഷെറിന് മാത്യൂസിന് ആപത്തൊന്നും പറ്റിയിട്ടുണ്ടാവരുതേ എന്ന പ്രാര്ത്ഥനയിലാണ് ടെക്സാസിലെ മലയാളി സമൂഹം. മലയാളി ദമ്പതികള് ദത്തെടുത്ത മൂന്ന് വയസുകാരിയായ പെണ്കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയമുണ്ടായതിനെ തുടര്ന്ന് പൊലീസ് ആംബര് അലര്ട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന്റെ സമയപരിധി അവസാനിച്ചു. പ്രദേശത്ത് അന്വേഷണ സംഘങ്ങള് വിശദമായ പരിശോധന നടത്തിയെങ്കിലും യാതൊരു തുമ്പും കണ്ടെത്താനായില്ല. മലയാളി ദമ്പതികളായ വെസലി മാത്യുവും സിനി മാത്യുവും ഇന്ത്യയില് നിന്ന് ദത്തെടുത്ത കുഞ്ഞിനെ ആണ് കാണാതായത്. ഇവര്ക്ക് നാലുവയസ്സുള്ള ഒരു കുഞ്ഞുകൂടി ഉണ്ട്. പൊലീസ് ശനിയാഴ്ച പിതാവ് വെസലി മാത്യുവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് രണ്ടരലക്ഷം ഡോളര് ബോണ്ടില് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
എഫ്ബിഐയും യുഎസ് മാര്ഷല്സ് ഓഫീസുമുള്പ്പെടെ വിവിധ ഏജന്സികളുടെ നേതൃത്വത്തിലാണ് കുഞ്ഞിനായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിന്റെ പരിസര പ്രദേശങ്ങളില് നിന്ന് അന്വേഷണം കൂടുതല് ഇടങ്ങളിലേക്ക വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘങ്ങള്. സര്വെയ്ലന്സ് വീഡിയോകളുടെ പരിശോധനയും നടക്കുന്നുണ്ടെങ്കിലും കുഞ്ഞിനെ കാണാതായതിനെ പറ്റി തുമ്പൊന്നും കിട്ടിയതായി വിവരമില്ല. ഷെറിന്റെ മാതാപിതാക്കള് നല്ല ദൈവവിശ്വാസികളാണെന്നും നല്ല രക്ഷിതാക്കളാണെന്നും ഷെറിന്റെ അമ്മാവനായ ഫിലിപ്പ് മാത്യു ചാനലുകളോട് പ്രതികരിച്ചു.
സംഭവം നടന്നിട്ട് പോലീസിനെ അറിയിക്കാന് വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നു. കുഞ്ഞിനെ നിര്ത്തിയെന്ന് പറയുന്ന മരത്തിന്റെ ചുവട്ടില് നിന്ന് ചില തെളിവുകള് അന്വേഷണ സംഘം ശേഖരിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മൂന്ന് വാഹനങ്ങളും തെളിവുകള് ശേഖരിക്കുന്നതിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്. ഇപ്പോള് കാണാതായ മൂന്നുവയസ്സുകാരി ഷെറിനെ രണ്ടുവര്ഷം മുമ്പാണ് മലയാളി ദമ്പതികള് നാട്ടിലെ ഒരു അനാഥാലയത്തില് നിന്ന് ദത്തെടുത്തത്. ഈ ദമ്പതികള്ക്ക് നാലുവയസ്സുകാരിയായ സ്വന്തം രക്തത്തില് പിറന്ന ഒരു മകളുമുണ്ട്. കാണാതാവുമ്പോള് ഷെറിന് പിങ്ക് ടോപ്പും കറുത്ത പൈജാമ ബോട്ടവും ഫ്ളിപ് ഫ്ളോപ്സും ആണ് ധരിച്ചിരുന്നത്.
കുഞ്ഞിനെ നിര്ത്തിയതിന് സമീപപ്രദേശങ്ങളില് ചെന്നായ്ക്കളെ ഇടയ്ക്ക കാണാറുണ്ടായിരുന്നു എന്ന് വെസ് ലി മാത്യുവിന്റെ മൊഴിയിലുണ്ട്. എന്നാല് കുട്ടിയെ ചെന്നായ്ക്കള് അപായപ്പെടുത്തിയതിനു തെളിവൊന്നും ലഭിച്ചിട്ടില്ല. തൊട്ടപ്പുറത്തായി റെയില്വെ ട്രാക്കുമുണ്ട്. ഇവിടെയും കുഞ്ഞിന് അപകടം പറ്റിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിനാല് തന്നെ കുഞ്ഞിനെ കാണാതായെന്ന കാര്യം അറിയിക്കാന് അഞ്ചുമണിക്കൂറോളം വൈകിയത് എന്തുകൊണ്ട് എന്നതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വീട്ടില് നിന്ന് മൂന്നു വാഹനങ്ങളും സെല്ഫോണ്, ലാപ്ടോപ് മുതലായവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിസര പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരുന്നു. താമസിയാതെ കാണാതായ കുഞ്ഞിന്റെ കാര്യത്തില് വിവരം ലഭിക്കുമെന്നാണ് അന്വേഷകരുടെ പ്രതീക്ഷ.
കുഞ്ഞിന് മാനസിക വളര്ച്ച കുറവാണെന്നും രാത്രി എഴുന്നേറ്റ് ഭക്ഷണത്തിന് വാശിപിടിക്കാറുണ്ടെന്നും ആ ശീലം മൂലം കുഞ്ഞിന് തൂക്കംകൂടുന്നത് ഒഴിവാക്കാനും ദുശ്ശീലം മാറ്റാനുമാണ് രാത്രി ശകാരിച്ചതും പുറത്ത് നിര്ത്തിയതും എന്ന മൊഴിയാണ് പിതാവ് നല്കിയിട്ടുള്ളത്. അതേസമയം, മകളെ കാണാതായ ഉടന് പ്രൈവറ്റ് ഡിറ്റക്ടീവുകളുടെ സഹായം തേടുകയാണ് വെസ് ലി ചെയ്തതെന്നും പറയുന്നു. എന്നാല് ഇക്കാര്യമെല്ലാം അന്വേഷിച്ചുവരികയാണ് പൊലീസ്.