റിച്ചർഡ്സണ്‍ (ഡാളസ്): ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടി, റിച്ചർഡ്സണ്‍ സിറ്റിയിലെ സ്വന്തം വീട്ടിനു സമീപത്തുനിന്നും കഴിഞ്ഞ ശനിയാഴ്ച കാണാതായ മലായളി പെണ്‍കുട്ടി ഷെറിൻ മാത്യുവിന് വേണ്ടിയുള്ള അന്വേഷണം വഴിമുട്ടി നിൽക്കുന്പോൾ, കുട്ടിയുടെ തിരിച്ചു വരവിനുവേണ്ടി പ്രാർഥനയോടെ കാത്തിരിക്കുകയാണ് കമ്യൂണിറ്റി നേതാക്ക·ാരും സുഹൃത്തുക്കളും സമീപവാസികളും.
എവിടെ നിന്നാണോ ഷെറിൻ അവസാനം അപ്രത്യക്ഷമായത് ആ മരത്തിനു സമീപം തോളോട് തോൾ ചേർന്ന് ഉള്ളുരുകി പ്രാർഥിച്ചപ്പോൾ കൂടി നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു.
ജാതിമത വ്യത്യാസമില്ലാതെ ഇന്നലെ വൈകിട്ട് ഏഴിന് ഷെറിൻ മാത്യുവിന്റെ വീടിനു സമീപമുള്ള മരത്തിനു ചുറ്റും ഡാളസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി ചേർന്നവർ പുഷ്പങ്ങളും പ്ലാക്കാർഡുകളും മെഴുകുതിരിയും നിരത്തി പ്രദേശമാകെ പൂങ്കാവനമാക്കി. ഷെറിന്റെ പ്രായത്തിലുള്ള കുട്ടികളെയും കൂട്ടിയാണ് മാതാപിതാക്കൾ ചടങ്ങിൽ സംബന്ധിച്ചത്.
ഷോൾഡർ ടു ഷോൾഡർ ഫോർ ഷെറിൻ’ നേതൃത്വം നൽകിയത് ഷെറിന്റെ വീടിനു സമീപത്തുള്ള ഉമ്മർ സിദ്ധിക്കിയായിരുന്നു. കഴിഞ്ഞ ആറു ദിവസം ഈ വിഷയത്തിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സഹായം നൽകി കൂടെയുണ്ടാരുന്ന റവ. എ.വി തോമസിന്റെ പ്രാർഥനയോടെയാണ് തുടക്കം കുറിച്ചത്.
ചൈൽഡ് പ്രൊട്ടക്ടീവ് സർവീസ് കൗണ്‍സിലറായ ഗൗതമി വെമ്യൂല അന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതിയെക്കുറിച്ചു വിവരിച്ചു. തുടർന്നു എമേയ്സിന് ഗ്രേസ് എന്ന ഗാനം എല്ലാവരും ചേർന്ന് ആലപിച്ചു. ഷെറിന്റെ കുടുംബാംഗങ്ങൾ വിജിലിൽ നിന്നു ഒഴിഞ്ഞു നിന്നത്, മകളുടെ സുരക്ഷിതമായ തിരിച്ചുവരവിനുവേണ്ടി മാതാപിതാക്കൾ അഭ്യർഥന നടത്തുമെന്ന പ്രതീക്ഷിച്ചിരുന്നവർ നിരാശരായി. എല്ലാ പ്രധാന ടിവി ചാനലുകളും വിജിൽ റിപ്പോർട്ട് ചെയ്യുവാൻ എത്തിയപ്പോൾ പവർ വിഷൻ മാത്രമായിരുന്നു മലയാളികളെ പ്രതിനിധീകരിച്ചു എത്തിച്ചേർന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ