സിജോ പൈനാടത്ത്
കൊച്ചി: പിഎസ്സി റാങ്ക് പട്ടികയില്‍ രണ്ടാമത്തെ പേരുകാരിയായിട്ടും അധ്യാപന ജോലി ഷേര്ളിയ്ക്കു കിട്ടാക്കനിയാണ്.
കുത്തിയിരുന്നു പഠിച്ചു പരീക്ഷയെഴുതി മുന്നിലെത്തിയിട്ടും സര്‍ക്കാര്‍ ജോലി നിഷേധിച്ചപ്പോള്‍ ജീവിക്കാന്‍ ഈ ബിരുദധാരി തൊഴിലുറപ്പു പദ്ധതിയില്‍ തൂമ്പയെടുക്കുകയാണ്.
പെരുമ്പാവൂര്‍ ആലാട്ടുചിറ സ്വദേശി ഷേര്‍ളി ജോസഫിനാണു റാങ്ക് പട്ടിക പ്രകാരം അര്‍ഹതപ്പെട്ട അധ്യാപന ജോലി നിഷേധിക്കപ്പെട്ടതുമൂലം തൊഴിലുറപ്പു പദ്ധതിയിലേക്കിറങ്ങേണ്ടിവന്നത്.
പാര്‍ട്ട് ടൈം ഹിന്ദി ജൂണിയര്‍ ല്വാംഗ്വേജ് അധ്യാപക തസ്തികയ്ക്കുള്ള എറണാകുളം ജില്ലയിലെ റാങ്ക് പട്ടികയുടെ അദര്‍ ക്രിസ്ത്യന്‍ വിഭാഗം സപ്ലിമെന്ററി ലിസ്റ്റില്‍ രണ്ടാമത്തെ പേരുകാരിയാണു ഷേര്‍ളി.
36 ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട തസ്തികയില്‍ മെയിന്‍ ലിസ്റ്റില്‍ 15 പേരെ മാത്രം ഉള്‍പ്പെടുത്തി നിയമനം നടത്തി ഒറ്റദിവസംകൊണ്ടു പിഎസ്സി റാങ്ക് പട്ടിക റദ്ദാക്കിയതാണു ഷേര്ളിയ്ക്കു തിരിച്ചടിയായത്.
മറ്റു ജില്ലകളിലെല്ലാം ഈ തസ്തികയിലുള്ള റാങ്ക് പട്ടിക നിലനില്‍ക്കേ എറണാകുളത്തു മാത്രം പട്ടിക റദ്ദാക്കിയതിനെതിരെ ഷേര്‍ളി പരാതികളുമായി ചെല്ലാത്ത ഓഫീസുകള്‍ കുറവാണ്.
കോടതിയെ സമീപിച്ച് അനൂകൂല ഉത്തരവുണ്ടായിട്ടും പിഎസ്സി അതു പരിഗണിച്ചില്ലെന്നാണു ഷേര്‍ളിയുടെ പരാതി.
പ്രായമേറിയതിനാല്‍ ഇനി ഒരു പിഎസ്സി പരീക്ഷയെഴുതാനും റാങ്ക് പട്ടികയില്‍ ഉള്പ്പെടാനുമുള്ള അവസരം ഷേര്ളിയ്ക്കില്ല.
അധ്യാപന ജോലിക്കായുള്ള അവസാന പ്രതീക്ഷയ്ക്കാണു പിഎസ്സി നടപടികളിലെ ന്യൂനതകള്‍ മൂലം കരിനിഴല്‍ വീഴുന്നത്.
നഴ്സിംഗ് ക്ലിനിക്കുകളില്‍ ജോലിക്കു പോയിരുന്നെങ്കിലും കോവിഡ് കാലത്ത് അതും ഇല്ലാതായി.
കൂവപ്പടി പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയില്‍ തൊഴിലെടുക്കുകയാണ് ഷേര്‍ളി. ഭര്‍ത്താവ് ജോസഫ് റബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്.
14ഉം ആറും വയസുള്ള രണ്ടു മക്കളുണ്ട്. മറ്റു തസ്തികകളുടേതു പോലെ പാര്‍ട്ട് ടൈം ഹിന്ദി ജൂണിയര്‍ ല്വാംഗ്വേജ് അധ്യാപകരുടെ റാങ്ക് പട്ടികയുടെ കാലാവധിയും നീട്ടി നല്‍കുമെന്ന പ്രതീക്ഷയിലാണു ഷേര്‍ളി.