കോഴിക്കോട് നഗരത്തിലെ വിദ്യാർഥികൾക്ക് ലഹരിയോട് പ്രിയം കൂടുന്നു. നഗരത്തിൽ രണ്ട് ദിവസത്തിനുള്ളിൽ പോലീസ് പിടിച്ച് താക്കീത് നൽകി വിട്ടത് പെണ്‍കുട്ടികളടക്കം പത്തിലധികം വിദ്യാർഥികളെ. ഇതിൽ പ്രായ പൂർത്തിയാകാത്തവരും ഉൾപെടും. സൗഹൃദങ്ങളുടെ സമ്മർദ്ദവും ശിഥിലമായ കുടുബ ബന്ധങ്ങളും വിദ്യാർഥികളെ ഇത്തരം ദുശീലങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്.
വിദ്യാർഥികൾക്ക് പോക്കറ്റ് മണി എന്ന പേരിൽ രക്ഷിതാക്കൾ കൈനിറയെ നൽകുന്ന പണം എത്തി ചേരുന്നത് ഇത്തരം ഇടങ്ങളിലാണ്. സാമൂഹ്യ മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലുകളും വഴിവിട്ട കൂട്ടായ്മകളും ഇത്തരം ദുശീലങ്ങൾക്ക് വളം വെക്കുന്നു. ഇന്നലെ ബീച്ചിൽ അനധികൃതമായി നടത്തിയ ഷീഷ കഫെ നടത്തിയ കൂൾബാർ കോർപ്പറേഷൻ ആരോഗ്യവിഭാഗം അടപ്പിച്ചു. ഇവിടെ നിന്ന് പോലീസ് പിടികൂടിയത് പെണ്‍കുട്ടികൾ അടക്കം ഏഴ് വിദ്യാർഥികളെയാണ്.
ടൗണ്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ആരോഗ്യവിഭാഗവും നടത്തിയ സംയുക്ത റെയ്ഡിലാണ് കഫെയ്ക്കകത്ത് ഷീഷ വലിക്കുകയായിരുന്ന വിദ്യാർഥി സംഘത്തെ പോലീസ് കയ്യോടെ പിടികൂടിയത്. നഗരത്തിലെ പ്രമുഖ കോളജിൽ പഠിക്കുന്ന, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായുള്ള 22 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണിവർ.
പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ താക്കീത് നൽകി രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. അനധികൃതമായി നടത്തിയ ഷീഷ കഫെ നടത്തിയ ബീച്ചിലെ കാലിക്കറ്റ് മജ്ലിസ് കൂൾ ആൻഡ് സ്നാക് ബാറിന്റെ ഉടമ നൂഹിനെ പോലീസ് അറസ്റ്റുചെയ്തു. ഫാസ്റ്റ് ഫുഡ് കടയ്ക്കുള്ള ലൈസൻസിന്റെ മറവിൽ ഷീഷ കഫെ നടത്തിയതിനും വൃത്തിഹീനമായി സ്ഥാപനം പ്രവർത്തിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.
ഇവിടെ നിന്ന് പഴകിയ ഭക്ഷണസാധനങ്ങളും പകയിലയും മറ്റു പോലീസ് പിടിച്ചെടുത്തു. കടയ്ക്കകത്ത് അറേബ്യൻ മാതൃകയിൽ രണ്ട് ഷീഷ കഫെകൾ സജ്ജമാക്കിയിരുന്നു. മുക്കാൽ മണിക്കൂറിന് 650 രൂപ വീതമാണ് ഷീഷയ്ക്ക് ഇവിടെ ഈടാക്കിയിരുന്നത്. ദിവസേന കഫെയിൽ വന്നുപോയവരുടെ കണക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം കഫെകൾ പ്രത്യേക ലൈസൻസ് എടുത്തു വേണം പ്രവർത്തിക്കാൻ.
കഴിഞ്ഞ ദിവസം നഗരത്തിലെ പ്രമുഖ ബാർ ഹോട്ടലിൽ പ്രായപൂർത്തിയാകത്ത പെണ്‍കുട്ടികൾ ഉൾപ്പെട്ട സംഘം ബിയറും ബ്രാണ്ടിയും ആവശ്യപെട്ടു വന്നിരുന്നു. ബാർജീവനക്കാർ സംശയം തോന്നിയതോടെ തിരിച്ചറിയൽ കാർഡ് ചോദിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പ്രമുഖരുടെ മക്കളായ ഇവരെ പോലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടയക്കുകയുമായിരുന്നു. വിദ്യാർഥികളായതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആറു പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ മദ്യപിച്ച് ആബോധാവസ്ഥയിലാകുകയും രണ്ട് പേരുടെ നില ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തിരുന്നു. ലഹരിയുടെ മറവിൽ വിദ്യാർഥികളെ ദുരുപയോഗം ചെയ്യുന്നത് വ്യാപകമാവുന്നുണ്ട്. കഴിഞ്ഞ ദിവസം കഞ്ചാവ് നൽകി വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.