കടുത്തുരുത്തി: ശീവേലിക്കുട നിർമാണത്തിൽ ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ് കീഴൂർ കണിയാംപറന്പിൽ ലക്ഷ്മണനും കുടുംബവും. കേരളത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ശീവേലിക്കുട നിർമിച്ചു നൽകുന്നത് ലക്ഷമണനും കുടുംബവുമാണ്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ദേവനെയും ദേവിയെയും പുറത്തേക്ക് എഴുന്നള്ളിച്ച് പ്രദക്ഷിണം വയ്ക്കുന്പോൾ ചൂടുന്ന കുടയാണ് ശീവേലിക്കുട.
ബ്രാഹ്മണരുടെ ഉപനയനത്തിനും ഇത്തരം കുട ഉപയോഗിക്കാറുണ്ട്. പാരന്പര്യമായി ലഭിച്ച ശീവേലിക്കുട നിർമാണം പവിത്രതയോടെയാണ് കാത്തു സൂക്ഷിക്കുന്നതെന്നു ലക്ഷ്മണൻ പറയുന്നു. പനയോലയും, മുള, ഈറ്റ, പനയോലയുടെ ഈർക്കിലി, ചൂണ്ടപ്പനനാര്, ചൂരൽ എന്നിവയാണ് ശീവേലിക്കുട നിർമിക്കാൻ ഉപയോഗിക്കുന്നത്.
കുട നിർമിക്കുന്നതിനാവശ്യമായ ഏല്ലാ ഉത്പ്പന്നങ്ങളും ലക്ഷമണന്റെ പുരയിടത്തിൽ തന്നെയുണ്ട്. മൂന്ന് ദിവസം വേണം ഒരു കുട നിർമിക്കാൻ. ക്ഷേത്രങ്ങളിൽ നിന്നും അറിയിക്കുന്നതനുസരിച്ചാണ് കുട നിർമിച്ചു നൽകുന്നത്. ക്ഷേത്ര ചടങ്ങിനല്ലാതെ മാവേലിക്കുടയും ലക്ഷ്മണൻ നിർമിക്കുന്നുണ്ട്.
വിദേശരാജ്യങ്ങിൽ നിന്നും കൂട ആവശ്യപ്പെട്ട് ആളുകൾ എത്തുന്നുണ്ടെന്നും ലക്ഷമണൻ പറയുന്നു. ലക്ഷമണനെ സഹായിക്കാൻ ഭാര്യ ഉഷയും മക്കളായ അർജുനും അക്ഷയും കൂട്ടിനുണ്ട്. നാല് വർഷം മുന്പ് കീഴൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നും ലക്ഷ്മണന് പുരസ്കാരം ലഭിച്ചിരുന്നു.