സിനിമയിലെ “ഇടി’കണ്ട് അന്തംവിട്ടിരുന്ന ബാല്യങ്ങളുണ്ട്. ഇത്രയും ഇടിയൊക്കെ എങ്ങനെയാണ് വില്ലന്മാർ കൊള്ളുന്നത്, എങ്ങനെയാണ് ഇത്രയും ചോരയൊഴുകുന്നത്, ശരിക്കും മരിച്ചുപോകില്ലേ എന്നൊക്കെയുള്ള ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ.
എല്ലാറ്റിനും സ്വയം കണ്ടെത്തുന്ന രണ്ടുത്തരങ്ങളേ ഉണ്ടായിരുന്നുള്ളൂ. 1. ശരീരത്തിൽ കൊള്ളാതെയാണ് ഇടിക്കുന്നത്. 2. എല്ലാം കാമറാ ട്രിക്കാണ്!.
എല്ലാ “ഇടി’യും മേലുനോവാത്തതല്ല
അല്ല, അങ്ങനെ എല്ലാ ഇടിയും ശരീരത്തിൽ കൊള്ളാത്തവിധമല്ല സിനിമയ്ക്കുവേണ്ടി ചിത്രീകരിക്കുക പതിവ്. അത്യാവശ്യം വേദനയൊക്കെയുണ്ടാവും. എത്രയോ അഭിനേതാക്കൾക്ക് ഷൂട്ടിംഗിനിടെ മുറിവേറ്റിരിക്കുന്നു. ഡ്യൂപ്പുകൾ, ഡമ്മികൾ തുടങ്ങിയ ആശയംതന്നെ വന്നത് ഈ അപകടസാധ്യത മുന്നിൽക്കണ്ടാവണമല്ലോ.
ഇപ്പോഴിതാ, അത്തരം അപകടങ്ങളേക്കാൾ വലിയ ഭീഷണി വാപൊളിച്ചു നിൽക്കുകയാണ്- കോവിഡ്! ലോകംമുഴുവനും ലോക്ക്ഡൗണ്‍ നിബന്ധനകൾ പതിയെ നീക്കി വൈറസ് ഭീതിക്കൊപ്പം ജീവിക്കാൻ ശീലിക്കുന്നതേയുള്ളൂ.
സ്വാഭാവികമായും സിനിമാ ഷൂട്ടിംഗ് പോലുള്ള കാര്യങ്ങൾ പുനരാരംഭിക്കണം. സ്റ്റണ്ട് രംഗങ്ങൾ എങ്ങനെ ചിത്രീകരിക്കുമെന്നത് ആശങ്കതന്നെയായിരുന്നു. പഴയ ചിന്തപോലെ “ശരീരത്തിൽ തൊടാതെ’ ഇടിക്കുക എന്നതു മാത്രമേയുള്ളൂ ഒരു വഴി!
കൊറോണയും കോറണേഷൻ സ്ട്രീറ്റും
പേരിൽ വലിയ സാമ്യമുണ്ട്. എന്നാൽ കോറണേഷൻ സ്ട്രീറ്റ് എന്നത് ഒരു ബ്രിട്ടീഷ് സോപ് ഓപ്പറയാണ്. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ മെഗാ സീരിയൽ. നിസാര സീരിയലല്ല, 1960 ഡിസംബർ മുതൽ ബ്രിട്ടനിൽ ഐടിവി സംപ്രേഷണം ചെയ്യുന്നതാണ് ഈ പരിപാടി. ആഴ്ചയിൽ ആറുതവണ സംപ്രേഷണമുണ്ട്.
ഓരോ എപ്പിസോഡും എഴുപതു ലക്ഷത്തിലേറെപ്പേർ കാണുന്നുവെന്നാണ് കണക്ക്. കോവിഡ് വ്യാപിച്ചതോടെ പ്രൊഡക്ഷൻ അവതാളത്തിലായി.
ലോക്ക്ഡൗണ്‍ ഇളവുകൾ വന്നതോടെ സാമൂഹിക അകലം പാലിച്ച് ഷൂട്ട് ചെയ്യാൻ വഴിതെളിഞ്ഞു. എങ്ങനെ സ്റ്റണ്ട് സീൻ എടുക്കുമെന്നായിരുന്നു ചിന്ത. അങ്ങനെ ഒരുപക്ഷേ ലോകത്താദ്യമായി ആ ഷൂട്ടിംഗ് നടന്നു.
കഥാപാത്രങ്ങളായ ഗാരിയും സാറയുമായി മിക്കീ നോർത്തും ടിന ഒ’ബ്രെയിനുമായിരുന്നു അപകടകരമായ ആ സ്റ്റണ്ട് സീനിൽ. (സ്റ്റണ്ട് എന്നത് സംഘട്ടനത്തിനു മാത്രം പറയുന്ന പേരല്ല. ആകാംക്ഷയുയർത്തുന്ന, നെഞ്ചിടിപ്പു കൂട്ടുന്ന ഏതു കഥാസന്ദർഭവും സ്റ്റണ്ട് ആണ്).
ഇരുവരും തമ്മിലുള്ള ഗൗരവമേറിയ വാക്കുതർക്കം, തുടർന്ന് പോലീസിനെ വിളിക്കാൻ ഓടുന്ന സാറ… പരിസരം മറന്നുള്ള ഓട്ടത്തിനിടെ അപകടകരമായി എത്തിയ കാറിനു മുന്നിൽനിന്ന് സാറയെ സ്വന്തം ജീവൻപോലും അവഗണിച്ച് രക്ഷപ്പെടുത്തുകയാണ് ഗാരി. അയാൾക്ക് ഇതിനിടെ പരിക്കേൽക്കുകയും ചെയ്യുന്നു.
സാറയുടെ വസ്ത്രങ്ങൾ അണിയിച്ച ഒരു പ്രതിമകൂടി ഉപയോഗിച്ചാണ് ഷൂട്ടിംഗ് നടത്തിയത്. അഭിനേതാക്കൾ ഒരിക്കൽപ്പോലും ശരീരത്തിൽ പരസ്പരം തൊട്ടില്ല.
കാമറാമാൻ ഉൾപ്പെടെയുള്ള സാങ്കേതിക പ്രവർത്തകർ വേണ്ടത്ര അകലം പാലിച്ച് ജോലികൾ നിർവഹിച്ചു. അണിയറ പ്രവർത്തകരുടെ ശ്രമകരമായ ജോലികൾ ചിത്രങ്ങളിൽനിന്ന് വ്യക്തം. മുൻനിശ്ചയിച്ച ലൊക്കേഷൻ ഒഴിവാക്കി പരമാവധി സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു ചിത്രീകരണം.
വിചാരിച്ചതു നടന്നില്ല
അറുപതാം വാർഷികം പ്രമാണിച്ച് ഹോളിവുഡ് സിനിമകളിലേതിനു സമാനമായ വിസ്മയങ്ങൾ അടക്കമുള്ള എപ്പിസോഡ് ഒരുക്കാനാണ് തങ്ങൾ ഉദ്ദേശിച്ചിരുന്നതെന്ന് ഷോയുടെ മുഖ്യശില്പിയായ ജോണ്‍ വിൻസ്റ്റണ്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ വന്നതോടെ അതിനുള്ള ഒരുക്കങ്ങൾ നടത്താനായില്ല. ഇനിയും അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധ ലോകത്തെ മാറ്റിമറിക്കുന്പോൾ സിനിമാ, സീരിയൽ ചിത്രീകരണവും പുതുരീതികൾ തേടുകയാണ്. സ്ക്രീനിൽ അതെല്ലാം എങ്ങനെ വരുമെന്നു കാണാൻ കാത്തിരിക്കാം.
തയാറാക്കിയത്: ഹരിപ്രസാദ്