കോട്ടയം: “ജീവിതം ഒരു കുതിരപ്പന്തയം പോലെയാണ്. വെല്ലുവിളികളുണ്ടാകും. അതിനെ അതിജീവിക്കുന്നിടത്താണ് വിജയം.” ഏറ്റുമാനൂർ വള്ളിക്കാട് പഴയന്പള്ളി വീട്ടിൽ ഷിബി കുര്യൻ തന്റെ കുതിരകളെ ചേർത്തുപിടിച്ചാണ് ഇതു പറയുന്നത്.
ലോക്ഡൗണിൽ സ്വകാര്യ ബസുകൾക്കു സഡൻ ബ്രേക്ക് വീണപ്പോഴുണ്ടായ അതിജീവനമാണ് പുതിയൊരു മേഖലയിലേക്ക് ഷിബിയെ കൊണ്ടെത്തിച്ചത്. നാലു കുതിരകളുടെ ഉടമസ്ഥനാണ് ഷിബി. കുതിര സവാരിയും കുതിരയോട്ടത്തിനുള്ള പരിശീലനവും നൽകുന്നതിലൂടെയാണ് ഈ സ്വകാര്യ ബസ് മുതലാളി തന്റെ വരുമാനം ഇപ്പോൾ കണ്ടെത്തുന്നത്.
ലോക്ഡൗണിനു ശേഷം ബസുകൾ ഓടിത്തുടങ്ങിയെങ്കിലും വരുമാനത്തേക്കാൾ കൂടിയ ചെലവാണുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോൾ ഒന്നോ രണ്ടോ ബസ് മാത്രമാണ് ഓടുന്നത്. ഈ സാഹചര്യത്തിൽ കുതിരകളോടുള്ള ഇഷ്ടം പുതിയൊരു വരുമാനം മുന്നിൽ തുറന്നിടുകയായിരുന്നു.
പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. എങ്കിലും ഒരു കുതിരയെ വാങ്ങി. പിന്നീട് മൂന്നെണ്ണംകൂടിയെത്തി. ഈ നാലു കുതിരകളിലാണ് കുതിരയോട്ടത്തിനുള്ള ബാലപാഠങ്ങൾ പഠിപ്പിക്കുന്നത്.
14 ദിവസം കുതിരയോട്ട പരിശീലനത്തിന് 6000 രൂപയാണ് ചാർജ്. വീണ്ടും തുടർപഠനത്തിന് അവസരമുണ്ട്. 30 ദിവസത്തേക്ക് 12,000 രൂപ. ഇപ്പോൾ ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി. നിരവധി പേർ താൽപര്യപൂർവം എത്തുന്നുണ്ട്.
മനുഷ്യരുമായി വേഗത്തിൽ ഇണങ്ങുന്നതാണ് കുതിരകൾ. അതുകൊണ്ടുതന്നെ ഷിബിയുടെ മൂന്നു മക്കളും കുതിരയോട്ടത്തിൽ പ്രാഗത്ഭ്യം നേടിക്കഴിഞ്ഞു. റാണി, ദിയ,സിയ, ദുദ്ര എന്നിങ്ങനെയാണ് കുതിരകൾക്കു പേരു നൽകിയിരി ക്കുന്നത്.