തൃശൂർ: കടം കൊടുത്ത പണം തിരിച്ചുകിട്ടാത്തതിനെ തുടർന്ന് കൂട്ടുകാരിയുടെ വീട്ടിലെത്തി വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചിയ്യാരം തെക്കേക്കര വർഗീസിന്റെ ഭാര്യ ഷിബിയാണ്(43) നെല്ലിക്കുന്ന് താമസിക്കുന്ന കൂട്ടുകാരി സ്വപ്നയുടെ വീട്ടിലെത്തി തീകൊളുത്തിയത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ഇവരെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു.
നാലു വർഷംമുന്പ് ഷിബിയിൽനിന്ന് ഒരു ലക്ഷം രൂപ സ്വപ്ന കടം വാങ്ങിയിരുന്നുവത്രേ. പണം തിരികെ ലഭിക്കാതായപ്പോൾ സ്വപ്നയുട മകളുടെ വിവാഹനിശ്ചയ ദിവസം വൈകീട്ട് വീടിന് മുന്നിലെത്തി ഷിബി തീകൊളുത്തുകയായിരുന്നു. പലവട്ടം പണം ആവശ്യപ്പെട്ടെങ്കിലും തിരികെ നൽകിയിരുന്നില്ലെന്ന് ഷിബിയുടെ ബന്ധുക്കളും പറഞ്ഞു. കാൻസർ ബാധിതയായിരുന്ന ഷിബി പണത്തിന് ആവശ്യം നേരിട്ടതോടെയാണ് കടംനൽകിയ പണം തിരികെ ആവശ്യപ്പെട്ടത്.
ചിട്ടിപിടിച്ചു കിട്ടിയ പണമാണ് കടമായി നൽകിയിരുന്നതത്രേ. രണ്ടു ദിവസംമുന്പ് പണംചോദിച്ച് മൂന്നു മണിക്കൂറോളം സ്വപ്നയുടെ വീട്ടിൽ ചെലവഴിച്ചിട്ടും ഫലമില്ലെന്ന് കണ്ടതോടെയാണ് കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയത്.
വീട്ടിലുണ്ടായിരുന്നവർ ചേർന്ന് ഉടൻതന്നെ തീയണച്ചെങ്കിലും 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇവർ ഇന്നലെ പുലർച്ചെയോടെ മരിച്ചു. സംസ്കാരം നടത്തി. മക്കൾ: അഞ്ജു, അഖില. മരുമകൻ: റാഫി. സംഭവത്തെ തുടർന്ന് മണ്ണുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.