ചാത്തന്നൂർ: ഇത്തിക്കരയിൽ ലോറി ഡ്രൈവർക്ക് നേരേ നടന്നത് ആസൂത്രിത കൊലപാതക ശ്രമമെന്ന് സൂചന.കുളത്തുപ്പുഴ നെല്ലിമൂട് തിങ്കൾ കരിക്കംകുഴിവിള വീട്ടിൽ ലോറി ഡ്രൈവറും ഡിവൈഎഫ്ഐ പ്രവർത്തകനുമായ ഷിബിന് (30) നേരേയാണ് വ്യാഴാഴ്ച പുലർച്ചേ ഇത്തിക്കരയിൽ ദേശീയ പാതയിൽ ആക്രമണമുണ്ടായത്.
ഷിബിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ചവരെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്.ആക്രമിക്കപ്പെട്ടപ്പോൾ ലോറിയിലുണ്ടായിരുന്ന സഹായിയെ ചാത്തന്നൂർ സിഐ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ ഇന്നലെചോദ്യം ചെയ്തു.ഷിബിൻ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂരിൽ നിന്നു ചെങ്കല്ലും കയറ്റി വരികയായിരുന്നു ഷിബിൻ. ലോറി നിർത്തി പുറത്തിറങ്ങിയപ്പോൾ ഓട്ടോയിലും ബൈക്കിലുമായെത്തിയ എട്ടംഗ ഗുണ്ടാസംഘമാണ് ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചത്.ജീവരക്ഷാർഥം ലോറിയിൽ ഓടിക്കയറാൻ ശ്രമിച്ച ഷിബിനെ ലോറിയിൽ നിന്നും പിടിച്ചിറക്കി വാഹനത്തിൽ കയറ്റി കൊണ്ടുപോകാനും ഗുണ്ടാസംഘം ശ്രമം നടത്തി.
ഹൈവേയിലൂടെ മറ്റ് വാഹനങ്ങൾ വന്നത് കൊണ്ടാണ് ഗൂണ്ടാ സംഘത്തിന്റെ ശ്രമം പാളിയത്. ഷിബിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താനായിരുന്നോ ശ്രമം എന്നും സംശയിക്കുന്നുണ്ട്.കുളത്തൂപ്പുഴയിൽ നടന്ന എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘട്ടന കേസിലെ പ്രധാന സാക്ഷിയാണ് ഡിവൈഎഫ്ഐഐ പ്രവത്തകനായ ഷിബിൻ.
ആക്രമണം ആസൂത്രിതമായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. സിസിടിവി കാമറകളിൽ നിന്ന് അക്രമികൾ എത്തിയ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. ലോറിയിലുണ്ടായിരുന്ന സഹായിയുടെ മൊബൈൽ ഫോൺ പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.