അഞ്ചല്‍ : മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കുളത്തുപ്പുഴ സ്വദേശിനി അറസ്റ്റില്‍. കുളത്തുപ്പുഴ ആര് പി എല്‍ രമണിക്വാര്ട്ടേഴ്സ് സ്വദേശിനി ഈശ്വരിയാണ് അറസ്റ്റിലായത്.
മനുഷ്യക്കടത്തിനായി ഉപയോഗിച്ച ബോട്ട് ഈശ്വരിയുടെ പേരിലാണ് വാങ്ങിയതെന്ന് കേസ് അന്വേഷിക്കുന്ന തമിഴ്നാട് ക്യൂ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ഇതിന്റെ ഭാഗമായി പലതവണ ഈശ്വരിയെ നേരിട്ടും അല്ലാതെയും ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ തന്റെ ബന്ധുവാണ് തന്റെ പേരില്‍ ബോട്ട് വാങ്ങിയതെന്നും തനിക്ക് മനുഷ്യക്കടത്തുമായി യാതൊരുവിധ ബന്ധവുമില്ലന്നും ഈശ്വരി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബോട്ട് വാങ്ങിയതിലും മനുഷ്യക്കടത്തിലും ഈശ്വരിക്ക് അറിവുണ്ടായിരുന്നു എന്നാണ് ക്യൂ ബ്രാഞ്ച് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റകരമായ ക്രിമിനല്‍ ഗൂഡാലോചന, മനുഷ്യക്കടത്ത്, ഇന്ത്യന്‍ പാസ്പ്പോര്‍ട്ട് ആക്റ്റ് തുടങ്ങിയവ വകുപ്പുകള്‍ ചുമത്തി ഈശ്വരിയെ കഴിഞ്ഞ ദിവസം തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതീവ രഹസ്യമായിട്ടായിരുന്നു ക്യൂ ബ്രാഞ്ച് നീക്കം. അറസ്റ്റ് ചെയ്ത ഈശ്വരിയെ ഉടന്‍ തന്നെ തമിഴ്നാട്ടിലെത്തിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കന്യാകുമാരി ജില്ലയിലെ ഇരണിയല്‍ ചീഫ് ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ ഈശ്വരിയെ റിമാന്‍ഡു ചെയ്ത് തക്കല വനിതാ ജയിലിലേക്ക് മാറ്റി.
തുടരന്വേഷണത്തിനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന സൂചനയാണ് തമിഴനാട് പോലീസില്‍ നിന്നും ലഭിക്കുന്നത്.
മനുഷ്യക്കടത്തിനായി ഉപയോഗിച്ച ഈശ്വരിയുടെ പേരിലുള്ള ബോട്ട് പിന്നീട് ഓസ്ട്രേലിയയിലെ ഒരു ദ്വീപിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.
ഈശ്വരിയുടെ ഭര്‍ത്താവിന്റെ ചേച്ചിയുടെ മകനായ ജോസഫ് രാജ് എന്നയാളാണ് ഈശ്വരിയുടെ പേരില്‍ നാല്പത് ലക്ഷത്തോളം മുടക്കി കൊല്ലത്ത് നിന്നും ബോട്ട് വാങ്ങി രഹസ്യമായി തമിഴ്നാട്ടിലേക്ക് കടത്തിയത്.
ഒക്ടോബറില്‍ എത്തിയ തമിഴ്നാട് ക്യൂ ബ്രാഞ്ച് ഈശ്വരിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്ത് കുളത്തുപ്പുഴ പോലീസ് സ്റ്റേഷനില്‍ എത്തിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്.