ജിജി ലൂക്കോസ്
തിരുവനന്തപുരം: ഡിസിസി അധ്യക്ഷ·ാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ പോരടിക്കുന്നതിനിടെ, കോണ്‍ഗ്രസിനെതിരേ വിമർശനവുമായി ആർഎസ്പി നേതാക്കൾ രംഗത്ത്.
കോണ്‍ഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല, കോണ്‍ഗ്രസ് നേതാക്കൾ തന്നെ മുക്കുകയാണെന്ന് ആരോപിച്ച ഷിബു ബേബി ജോണ്‍, അങ്ങനെ മുക്കുന്ന കപ്പിലിൽ നിന്നു പോകാനല്ലേ എല്ലാരും ആഗ്രഹിക്കുകയെന്നും പ്രതികരിച്ചു.
കോണ്‍ഗ്രസിലെ തമ്മിലടിയിൽ യുഡിഎഫ് കക്ഷി നേതാക്കൾ അതൃപ്തി അറിയിച്ചതായി വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് കടുത്ത വിമർശനവുമായി ആർഎസ്പി രംഗത്തെത്തിയിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം നിലനിൽക്കേയാണ് മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ കോണ്‍ഗ്രസ് നേതാക്കൾ തമ്മിൽ പോരടിക്കുന്നതെന്നാണ് ആർഎസ്പി നേതാക്കൾ പറയുന്നത്.
എന്നാൽ, നിലവിലുണ്ട ായ പ്രശ്നങ്ങളുടെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നു ഷിബു ബേബി ജോണ്‍ പറഞ്ഞു. മുന്നണി വിടുന്നതു സംബന്ധിച്ച ഒരു അജണ്ട യും ആർഎസ്പിയുടെ മുന്നിലില്ല.
എന്നാൽ, ചില വിഷയങ്ങൾ ചൂണ്ട ിക്കാട്ടി കത്ത് നൽകിയിട്ടും 40 ദിവസമായി യുഡിഎഫ് ചർച്ച ചെയ്യാത്തതിൽ പാർട്ടിക്ക് കടുത്ത വിയോജിപ്പുണ്ട ്.
ഇക്കാര്യത്തിൽ ശനിയാഴ്ച ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു. യുഡിഎഫ് യോഗം ബഹിഷ്കരിക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ട ായിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്.
അതേസമയം, ഡിസിസി അധ്യക്ഷ നിർണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കൾ തമ്മിൽ നടത്തുന്ന പോരിൽ മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അതൃപ്തി അറിയിച്ചതായാണ് സൂചന.
വിഷയത്തിൽ തത്കാലം പരസ്യമായി പ്രതികരിക്കേണ്ടെ ന്ന തീരുമാനത്തിലാണ് കക്ഷി നേതാക്കൾ. എന്നാൽ, ഈ രീതിയിൽ മുന്നോട്ടു പോകുകയാണെങ്കിൽ അത് മുന്നണിക്കു ക്ഷീണമുണ്ട ാക്കുമെന്നും നേതാക്കൾ പറയുന്നു.
ആർഎസ്പി യുഡിഎഫ് വിടുമെന്ന മോഹം ആർക്കും വേണ്ട: എ.എ. അസീസ്
കൊല്ലം: ആർഎസ്പി യുഡിഎഫ് വിടുമെന്ന മോഹം ആർക്കും വേണ്ടായെന്ന് പാർട്ടി സെക്രട്ടറി എ.എ അസീസ്. കോൺഗ്രസുമായി ചർച്ചചെയ്ത് പരിഹരിക്കാൻ കഴിയാത്തതായി ഒരു പ്രശ്നവും ആർഎസ്പിയിലില്ല.
ചവറയിൽ ഷിബുബേബീജോൺ ജയിക്കുമെന്ന് ഉറപ്പായിരുന്നു. അവിടെ കോൺഗ്രസ് നേതാക്കളിൽനിന്ന് വീഴ്ചയുണ്ടായി. ഇനി അത് പറഞ്ഞിട്ട് കാര്യമില്ല.
യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോയെങ്കിൽ മാത്രമെ ഇനി നിലനിൽപ്പുള്ളു. അതിന് ആദ്യം കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിക്കണം.
ആർഎസ്പി ഉഭയകക്ഷി ചർച്ച നടത്തമെന്ന് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ ആറിന് മുന്‍പ് ഇക്കാര്യത്തിൽ ചർച്ച നടത്താമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെന്നും അസീസ് വ്യക്തമാക്കി.