വടക്കഞ്ചേരി: മൂലങ്കോട് കളവപ്പാടത്ത് ബിജെപി നേതാവ് ഷിബുവിനെ വെട്ടിപരിക്കേല്പിച്ച കേസിൽ യഥാർഥ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകരും ബന്ധുക്കളും ഇന്നുരാവിലെ പത്തരയോടെ പോലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരിപ്പു സമരം തുടങ്ങി.
വടക്കഞ്ചേരി എഎസ്പി ഭൈരവ് സക്സേനയും മറ്റു പോലീസ് ഉദ്യോഗസ്ഥരും സമരക്കാരുമായി ചർച്ചനടത്തിയെങ്കിലും സ്റ്റേഷനുമുന്നിലെ വാതിൽപ്പടിക്കൽ സമരം തുടരുകയാണ്. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കൾ സ്ഥലത്തേക്ക് എത്തിച്ചേരുന്നുണ്ട്. കഴിഞ്ഞ രണ്ടിന് രാത്രിയാണ് വീട്ടുമുറ്റത്തുവച്ച് അക്രമിസംഘം ഷിബുവിനെ മാരകമായി വെട്ടിപരിക്കേല്പിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഷിബുവിന്റെ വെട്ടേറ്റ വലതുകാൽ മുറിച്ചുമാറ്റി. കേസിൽ എസ്എഫ്ഐ-സിപിഎം പ്രവർത്തകരായ നാലുപേരെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. എന്നാൽ യഥാർഥ പ്രതികളെ ഒഴിവാക്കിയാണ് പോലീസ് കേസ് അന്വേഷണം നടത്തുന്നതെന്നാണ് ബിജെപിയുടെ ആരോപണം.