ചവറ: എംഎൽഎ ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും ജനങ്ങൾക്കൊപ്പം നിന്ന നേതാവാണ് ഷിബു ബേബി ജോൺ എന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു.ചവറ മണ്ഡലത്തിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസായ ബേബി ജോൺ ഷഷ്ഠ്യാബ്ദിപൂർത്തി സ്മാരക മന്ദിരത്തിൽ എത്തിയതായിരുന്നു അദ്ദേഹം.
സ്ഥാനാർഥി ഷിബു ബേബി ജോണിനെ വി എം സുധീരൻ ഷാൾ ഇട്ട് വിജയാശംസകൾ നേർന്നു.ചവറ മണ്ഡലത്തിൽ ഏറെ വികസന പ്രവർത്തനങ്ങൾ ഷിബു ബേബി ജോൺ ചെയ്തിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമായ വിധി എഴുത്താണ് നടക്കാൻ പോകുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണം കൊണ്ട് ജനങ്ങളുടെ മനം മടുത്തിരിക്കുകയാണ്. അധികാരം എങ്ങനെ ദുരുപയോഗപ്പെടുത്താമെന്നാണ് മോദി, പിണറായി സർക്കാരുകൾ കാണിച്ചു തരുന്നത്.ചവറ കഴിഞ്ഞ തവണ തെന്നിപ്പോയ ഒരു മണ്ഡലമാണ്. ഇത്തവണ ഉറപ്പായും യുഡിഎഫിന്റെ മണ്ഡലമായി ചവറ മാറും.
യുഡിഎഫ് സ്ഥാനാർഥികളെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമം സിപിഎം ക്യാമ്പുകളിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരിമണലിന്റെ നാടായ ചവറ ബേബി ജോണിന്റെ ആത്മ മണ്ഡലമാണ്. അഭിമാനകരമായ പല വികസന പ്രവർത്തനങ്ങളും നടത്താൻ ബേബി ജോണിനും മകൻ ഷിബു ബേബി ജോണിനും കഴിഞ്ഞിട്ടുണ്ടെന്ന് വി എം സുധീരൻ പറഞ്ഞു.
യുഡിഎഫ് ചവറ നിയോജക മണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ, കൺവീനർ ജസ്റ്റിൻ ജോൺ, കെപിസിസി സെക്രട്ടറി സൂരജ് രവി, കോഞ്ചേരി ഷംസുദീൻ, സി. ഉണ്ണികൃഷ്ണൻ, എസ്.തുളസീധരൻ പിള്ള, എസ്. ശോഭ, ഷെമി, എസ്. ലാലു, അജയൻ ഗാന്ധിത്തറ, പൊന്മന നിശാന്ത്, പ്രഭാ അനിൽ, മുംതാസ്ഹാരീസ്, ഐ.ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.