കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതിഛായ തകർക്കാനും വ്യക്തിഹത്യ നടത്താനും സിപിഎം നേരത്തേ തന്നെ തീരുമാനം എടുത്തിരുന്നതായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ.
ഇതിന്റെ ഭാഗമായി മെനഞ്ഞ കഥകളാണ് പിന്നീട് പല കോണുകളിൽനിന്ന് ആവർത്തിച്ച് അവതരിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലത്ത് ഒരു ചാനൽ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ഷിബു.
ഉമ്മൻ ചാണ്ടിയുടെ കുടുബാംഗങ്ങളെക്കുറിച്ച് വി.എസ്.അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞത് ആരോ എഴുതി നൽകിയതാണ്. ഇതിന് പിന്നിൽ സിപിഎമ്മിന്റെ വ്യക്തമായ അജണ്ടയും ഗൂഢാലോചനയും ഉണ്ടായിരുന്നു.
ഇപ്പോൾ അവരുടെ നേതാക്കൾ ഉമ്മൻ ചാണ്ടി മഹാനും വിശുദ്ധനും ആണെന്ന് വ്യക്തമാക്കി പ്രസ്താവനയിറക്കി മത്സരിക്കുന്നു.തെറ്റ് പറ്റിയവർ അത് ഏറ്റ് പറയാൻ തയാറാകണം.
പക്ഷേ അത് ഉണ്ടാകുന്നില്ല.ഒരു വിഷയത്തിൽ എങ്കിലും തങ്ങൾക്ക് തെറ്റുപറ്റി എന്ന വാചകം യുഡിഎഫ് നേതാക്കൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
രാഷ്ട്രീയമായ എതിർപ്പുകളെ രാഷ്ട്രീയമായി നേരിടുന്നതാണ് മര്യാദയും മാന്യതയും. പകരം അവർ ഉമ്മൻ ചാണ്ടിയെ വ്യക്തിഹത്യ നടത്തുകയായിരുന്നു.
രണ്ട് പെൺമക്കളുടെ അച്ഛനെ അടിസ്ഥാന രഹിതമായി സ്ത്രീ വിഷയത്തിൽ ഉൾപ്പെടുത്തി പ്രതിക്കൂട്ടിലാക്കിയവരാണ് ഇപ്പോൾ അദ്ദേഹത്തെപ്പറ്റി നല്ലത് പറയുന്നത്.
തട്ടിപ്പ് കേസിൽ പ്രതിയായ ബിജു രാധാകൃഷ്ണന്റെ വാക്കുകേട്ട് ഇല്ലാത്ത സിഡികൾ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ പോയ ദിവസം ഉൾപ്പെടെ ഉമ്മൻ ചാണ്ടിയെ സിപിഎം എത്രത്തോളം വേട്ടയാടി എന്നത് ചരിത്രമാണ്.
ഇത്തരത്തിലുള്ള വ്യക്തിഹത്യയും വൃത്തികെട്ട രാഷ്ട്രീയവും ഇനിയെങ്കിലും ഉണ്ടാകില്ല എന്ന പൊതുതീരുമാനം നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകണമെന്നും ഷിബു പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മരണത്തെക്കുറിച്ച് ചലച്ചിത്ര നടൻ വിനായകൻ നടത്തിയ മോശം പ്രതികരണം അദ്ദേഹം ഉപയോഗിച്ച സാധനത്തിന്റെ ഗുണം കൊണ്ടാണെന്നും അപ്പോൾ മനസിലുള്ളത് പുറത്ത് വന്നതാണെന്നും ഷിബു ആക്ഷേപിച്ചു.