രാജീവ് ഡി. പരിമണം
കൊല്ലം: എൻ. വിജയൻപിള്ളയുടെ മരണത്തെതുടർന്ന് ഒഴിവ് വന്ന ചവറ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായതോടെ മുന്നണികളുടെ യുവജന സംഘടനകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം തുടങ്ങി.
യുഡിഎഫ് സ്ഥാനാർഥിയായി ആർഎസ്പിയിലെ ഷിബുബേബി ജോണിനെ പാർട്ടി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. വരും ദിവസം യുഡിഎഫ് പ്രഖ്യാപനവും ഉണ്ടാകും.
എൽഡിഎഫ് സ്ഥാനാർഥി വിജയൻപിള്ളയുടെ മകൻ ഡോ.വി. സുജിത്ത് ഉൾപ്പടെ മൂന്നുപേരുടെ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. ഇരുമുന്നണികളും വാശിയേറിയ മത്സരം തന്നെയായിരിക്കും കാഴ്ചവെയ്ക്കുക.
സീറ്റ് നിലനിർത്താൻ എൽഡിഎഫ്
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ 6189 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷിബുബേബിജോണിനെ വിജയൻപിള്ള പരാജയപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പരിൽ 27568 വോട്ടിന്റെ ഭൂരിപക്ഷമാണ് ചവറ മണ്ഡലത്തിൽ പ്രേമചന്ദ്രന് ലഭിച്ചത്.
സീറ്റ് നിലനിർത്താൻ എൽഡിഎഫ് പൊരിഞ്ഞപോരാട്ടം തന്നെ ചവറയിൽ കാഴ്ചവയ്ക്കും. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ഈ വിജയം സ്വാധീനമുണ്ടാക്കുമെന്നതും ഇരുമുന്നണികൾക്കും മുന്നറിയിപ്പാണ്. ആർഎസ്പിയുടെയും കോൺഗ്രസിന്റെയും യുവജന സംഘടനകളാണ് പ്രചാരണരംഗത്ത് സജീവമായിട്ടുള്ളത്.
വിജയൻപിള്ളയുടെ മകൻ മത്സരരംഗത്തില്ലെങ്കിൽ ചവറ സീറ്റിൽ സിപിഎം സ്ഥാനാർഥിതന്നെ മത്സരിക്കും. അതിനുള്ള തയാറെടുപ്പും പാർട്ടി നടത്തുന്നുണ്ട്.
ഇന്നലെ കൂടിയ ഡിസിസി യോഗത്തിൽ ഷിബുബേബിജോണിന്റെ സ്ഥാനാർഥി നിർണയചർച്ചകൾ ഉണ്ടെയങ്കിലും ഔദ്യോഗിക പ്രഖ്യാപനം സംസ്ഥാന യുഡിഎഫ് സമിതി പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം ചവറയിൽ യുഡിഎഫ് യോഗം ചേർന്ന് വേണ്ട വേണ്ട തീരുമാനങ്ങളെടുക്കും.
പ്രചാരണം ശക്തമാക്കാനുള്ള നടപടികൾ തുടങ്ങിയതായി ഡിസിസി പ്രസിഡന്റ് അഡ്വ.ബിന്ദു കൃഷ്ണ പറഞ്ഞു.