വെഞ്ഞാറമൂട്: യുവാവ് കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച കോലിയക്കോട് കീഴാമലയ്ക്കല്‍ എള്ളുവിള വീട്ടില്‍ ഷിബു(31) മരിച്ച സംഭവത്തിൽ പിരപ്പന്‍കോട് അണ്ണല്‍ വിഷ്ണു ഭവനില്‍ വിഷ്ണു(30), കടകംപള്ളി ആനയറ വെണ്‍പാലവട്ടം ഈറോഡ് കളത്തില്‍ വീട്ടില്‍ ശരത്കുമാര്(25), കടകംപള്ളി ആനയറ ഈറോഡ് കുന്നില്‍ വീട്ടില്‍ നിധീഷ് (21) എന്നിവരാണ് അറസ്റ്റിലായത്.
വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹത്തിനെത്തിയതായിരുന്നു മരണപ്പെട്ട ഷിബുവും അറസ്റ്റിലായ മറ്റ് പ്രതികളും. രാത്രിയില്‍ നാലുപേരും ചേര്‍ന്ന് വിവാഹ വീടിനടുത്ത് നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിനു മുകളില്‍ കയറിയിരിന്ന് മദ്യപിച്ചശേഷം താഴേക്കിറങ്ങുന്നതിനിടയില് ഷിബു കാല് വഴുതി നിലത്ത് വീഴുകയായിരുന്നു.
തുടർന്ന് മറ്റ് മൂന്നുപേരും ഷിബുവിനെ ആദ്യം കന്യാകുളങ്ങര കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷകള്‍ക്കുശേഷം ഡോക്ടറുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
മെഡിക്കല്‍ കോളജില്‍ പരിശോധിച്ച ഡോക്ടര്‍ സ്കാനിംഗിനും എക്സ്റേയും നിര്‍ദേശിച്ചു. മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കാമെന്നും പറഞ്ഞ് നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങിയശേഷം ഷിബുവിനെ ഓട്ടോയില്‍ കയറ്റി കൊണ്ടു വന്ന് കൊപ്പത്തെത്തിച്ച് മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്തിച്ചശേഷം സ്ഥലം വിടുകയായിരുന്നു.
രാത്രിയോടെ ഷിബുവിന്റെ നില വഷളാവുകയും ബന്ധുക്കൾ വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും താമസിയാതെ മരണം സംഭവിക്കുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് വെഞ്ഞാറമൂട് പോലീസില്‍ പരാതി നൽകി. തുടർന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.