തൃശൂർ: ലുലു കൺവൻഷൻ സെന്ററിൽ നടന്ന സാംസ്കാരിക മുഖാമുഖത്തിൽ ഗാനരചയിതാവ് ഷിബു ചക്രവർത്തിയോടു ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെപ്പറ്റിയുള്ള ഷിബു ചക്രവർത്തിയുടെ ചോദ്യമാണ് മുഖ്യമന്ത്രിയെ രോഷാകുലനാക്കിയത്.
സാംസ്കാരിക മുഖാമുഖത്തിൽ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെപ്പറ്റിയുള്ള ആശങ്കയാണ് ഷിബു ചക്രവർത്തി ചോദ്യമായി ഉന്നയിച്ചത്. “നമുക്കൊരു കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്, ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണുപോലും, തുടങ്ങിയിട്ട് പത്തു വർഷമായി.
കുട്ടികളൊക്കെയാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷേ, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓടുന്നില്ല, ഇതിങ്ങനെ മതിയോ” എന്നായിരുന്നു ഷിബു ചക്രവർത്തി ചോദിച്ചത്.
ഈ ചോദ്യത്തിനു മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്കു ദേഷ്യം വന്നത്. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് മുഴുവൻ കുഴപ്പമാണെന്ന വിമർശനമാണ് ഉയർന്നതെന്ന് മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞു.
അതിനോടൊന്നും യോജിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി ആമുഖമായി പറഞ്ഞത്. “അഭിപ്രായം പറയാൻ അവസരം തന്നാൽ എന്തും പറയാമോ” എന്നും പിന്നീട് മുഖ്യമന്ത്രി രോഷത്തോടെ ചോദിച്ചു.