ശാസ്താംകോട്ട:കുന്നത്തൂർ മാനാമ്പുഴ പുളിമൂട്ട് വിളയിൽ ഷിബു ചെറിയാ(45)നെ വീടിന്റെ അടുക്കളയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കൊല്ലം ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയാണ് ലോക്കൽപോലീസിൽ നിന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഷിബു ചെറിയാൻ കൊല്ലപ്പെട്ട വീട്ടിലെത്തിയ അന്വേഷണ സംഘം പ്രാഥമികാന്വേഷണം നടത്തി മടങ്ങി.ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കുന്നത്തൂർ പഞ്ചായത്തംഗം ശ്രീദേവിയമ്മ,മുൻ അംഗം ബി.പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.കുന്നത്തൂർ സ്വദേശിയായ ഷിബു ചെറിയാനെ കഴിഞ്ഞ ഏപ്രിൽ ഒന്നിന് വൈകുന്നേരം ആറോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് മാസം മുമ്പാണ് ഖത്തറിൽ ജോലി ചെയ്തുവന്ന ചെങ്ങന്നൂർ സ്വദേശിയായ ആശയുമായി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബു ചെറിയാന്റെ വിവാഹം നടന്നത്.ആശയുടേത് രണ്ടാം വിവാഹമായിരുന്നു.വിവാഹശേഷം ഇവർ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു.ഷിബുവിനെ ഖത്തറിലേക്ക് ഈ മാസം കൊണ്ടു പോകുന്നതിനായി വിസിറ്റിംഗ് വിസയും ശരിയാക്കിയിരുന്നു.
ഇതിനാൽ കുന്നത്തൂരിലെ വീട്ടിൽ ഷിബു ഒറ്റയ്ക്കാണ് കഴിഞ്ഞു വന്നത്.കഴിഞ്ഞ 31 ന് രാത്രി സഹോദരി ഫോണിൽ സംസാരിക്കവേ പത്തോടെ രണ്ടു പേർ തന്നെ കാണാനെത്തുമെന്ന് പറഞ്ഞ് ഷിബു ഫോൺ കട്ട് ചെയ്തിരുന്നു.എന്നാൽ പിന്നീട് സഹോദരിമാരും മറ്റും നിരന്തരം വിളിച്ചിട്ടും ഫോൺ എടുത്തില്ലത്രേ.ഇതിനെ തുടർന്ന് പിറ്റേ ദിവസം സമീപത്തുള്ള ബന്ധുക്കളെ ഇവർ വിവരമറിയിച്ചു.
വൈകുന്നേരം ആറോടെ ബന്ധുക്കൾ വീട്ടുമുറ്റത്തെത്തി വിളിച്ചിട്ടും ഫോൺ എടുക്കുകയോ കതക് തുറക്കുകയോ ചെയ്തില്ല.സംശയം തോന്നിയ ഇവർ അടുക്കളയിലെ വെന്റിലേഷനിലൂടെ നോക്കിയപ്പോഴാണ് ഷിബുവിനെ തറയിൽ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടപോലീസ് സ്ഥത്തെത്തി കതക് ചവിട്ടി പൊളിച്ച് അകത്ത് കടന്നെങ്കിലും രാത്രിയായതിനാൽ മൃതദേഹം മാറ്റാൻ കഴിഞ്ഞില്ല.തുടർന്ന് വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയ ശേഷം ഏപ്രിൽ രണ്ടിന് രാവിലെ ഒൻപതോടെ ഇൻക്വിസ്റ്റ് തയാറാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
മൃതദേഹം കണ്ടെത്തുമ്പോൾ മുഖം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലും ശരീരം വികൃതമായ നിലയിലുമയിരുന്നു.
കൈയിൽ ധരിച്ചിരുന്ന വിവാഹമോതിരം നഷ്ടപ്പെട്ടിരുന്നു.എന്നാൽ മോഷണമല്ല സംഭവത്തിനു പിന്നിലെന്നാണ് നിഗമനം.