കോട്ടയം: 30 വർഷം മുന്പ് എസ്എസഎൽസി പാസായി. പക്ഷേ, അഭിനന്ദനം ലഭിച്ചതു ഇപ്പോൾ.
കോട്ടയം നാട്ടകം കൊടിത്താനം കവലയിലാണ് ഈ അപൂർവ “അഭിനന്ദ ഫ്ളെക്സ് ബോർഡ്’. ഇതു കേൾക്കുന്നവർ സംഭവം എന്താണെന്ന് അറിയാതെ നെറ്റി ചുളിച്ചേക്കാം.
പക്ഷേ, സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്യപ്പെടുന്ന ഫ്ളക്സ് ബോർഡിന്റെ ചിത്രം കണ്ടാൽ ആരും ഒരു നിമിഷം ചിരിക്കും.
പരീക്ഷയിൽ ജയിക്കുന്നവർക്കു ഫ്ളെക്സ് വയ്ക്കുന്നതു നാട്ടുനടപ്പായതിനിടയിലാണ് നാട്ടകത്തെ പുതിയ ബോർഡ് കൗതുകമാകുന്നത്. പഴയ വിജയം “ആഘോഷിച്ചു’ കൂട്ടുകാർ പണികൊടുത്തതാണെന്നതാണ് വ്യക്തം.
1990- 91 കാലഘട്ടത്തിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച പ്രദേശവാസിയായ ഷിബു കാക്കനാടിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടാണ് നാട്ടകം പൗരാവലിയുടെ പേരിൽ നാട്ടകം കവലയിൽ ഫളക്സ് സ്ഥാപിച്ചത്.
ഫ്ളക്സിൽ ഷിബു ഷർട്ട് ധരിക്കാതെ ലുങ്കി ധരിച്ച് ഇരിക്കുന്ന ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. അന്നു വയ്ക്കാൻ പറ്റിയില്ല സോറി എന്നുള്ള എഴുത്തും ഫ്ളക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോർഡ് കാണുന്നവരെല്ലാം ഒരു നിമിഷം ഊറിച്ചിരിക്കുന്നു.