മുണ്ടക്കയം: കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിലായ മുണ്ടക്കയം സിഐ വി. ഷിബുകുമാറിനെതിരെ മുന്പും ഗുരുതര ആരോപണങ്ങൾ. 2014 ൽ കഴക്കൂട്ടം സിഐ ആയിരിക്കേ സ്വകാര്യ വ്യക്തിയിൽനിന്ന് അര ലക്ഷം രൂപ കൈക്കൂലി മേടിച്ച സംഭവത്തിൽ ഇദ്ദേഹത്തെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.
വഞ്ചനാ കേസിൽനിന്ന് ഒഴിവാക്കി തരാമെന്നു വാഗ്ദാനം നൽകി കഴക്കൂട്ടത്ത് സ്വകാര്യ വ്യക്തിയിൽനിന്നും മൂന്നു ലക്ഷം രൂപയാണ് അന്ന് സിഐ ആയിരുന്ന ഷിബുകുമാർ ആവശ്യപ്പെട്ടത്.ഇതിൽ അന്പതിനായിരം രൂപ വാങ്ങുന്നതിന് ഇടയിലായിരുന്നു അന്ന് വിജിലൻസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
തുടർന്ന് ഇദ്ദേഹത്തിനെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇതിനുശേഷമാണ് മുണ്ടക്കയം സിഐയായി ഇദ്ദേഹം ചാർജ് എടുക്കുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു മുണ്ടക്കയം സിഐ ആയി ചാർജെടുത്ത ശേഷം ഷിബുകുമാർ നടത്തിയത്.
ഇതിന്റെ ഭാഗമായി മുണ്ടക്കയം പോലീസ് കാന്റീൻ നിർമിക്കുകയും ലോക്ക്ഡൗണ് കാലത്ത് മാസ്ക് വിതരണം നടത്തിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.കാന്റീൻ നിർമാണത്തിന്റെ പേരിൽ അഴിമതി നടന്നതായി പരക്കെ ആക്ഷേപമുണ്ട്. കാന്റീൻ നിർമാണത്തിനാവശ്യമായ എല്ലാ വസ്തുക്കളും പലരിൽനിന്നും കൈക്കൂലിയായി വാങ്ങിയതാണെന്നും ഇതിന്റെ പേരിൽ വലിയ പണപ്പിരിവ് നടത്തിയെന്നും ആരോപണം ഉയർന്നിരുന്നു.
മാസ്ക് നിർമാണത്തിനിടെ ഒരു വനിതയുമായുള്ള ഇയാളുടെ അടുപ്പം ഏറെ പ്രചരിച്ചിരുന്നു. ഇളംകാട്ടിൽ പിതാവും മകനും ചേർന്ന് വീട്ടമ്മയെ പൂട്ടിയിട്ട സംഭവത്തിൽ കൈക്കൂലി മേടിക്കുന്നതിനിടയിലാണ് വി. ഷിബുകുമാറിനെ വിജിലൻസ് പ്രത്യേക സംഘം പിടികൂടിയത്.
തൊട്ടുപിന്നാലെ രാത്രിയിൽ കൊലക്കേസ് പ്രതിയും കാപ്പ ചുമത്തി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ള ഗുണ്ടാ ലിസ്റ്റിൽപെട്ട ആളുമായ ശ്രീജിത്ത് ജയനെ പോലീസ് സ്റ്റേഷനു സമീപം കണ്ടതും ഏറെ ദുരൂഹത സൃഷ്ടിച്ചു.ഇത് മുണ്ടക്കയം സിഐ ഷിബു കുമാറിനു കുറ്റവാളികളുമായുള്ള അടുപ്പം തെളിയിക്കുന്നതാണെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസറേയും സ്റ്റേഷൻ ക്യാന്റീനിന്റെ കരാറുകാരനേയും ഇന്നു കോടതയിൽ ഹാജരാക്കും.മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കൊല്ലം ശാസ്താംകോട്ട പോരുവഴി വിശാഖത്തിൽ വി. ഷിബുകുമാർ (46), സ്റ്റേഷനിലെ ക്യാന്റീനിന്റെ കരാറുകാരൻ മുണ്ടക്കയം വട്ടോത്തുകുന്നേൽ സുദീപ് ജോസ് (39) എന്നിവരെയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്പി വി.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള സംഘം ഇന്നലെ അറസ്റ്റു ചെയ്തത്.
കുടുംബപ്രശ്നത്തിന്റെ പേരിലുള്ള കേസിൽനിന്ന് ഒഴിവാക്കുന്നതിനു യുവാവിന്റെ പക്കൽ നിന്ന് 50,000 രൂപ വാങ്ങിയപ്പോഴാണ് വിജിലൻസ് ഇവരെ പിടികൂടിയത്. കൂട്ടിക്കൽ സ്വദേശിയായ എക്സ് സർവീസ് ഉദ്യോഗസ്ഥനെ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇവർ പണം ആവശ്യപ്പെട്ടത്.
കേസിന്റെ പേരിൽ യുവാവിനെ പതിവായി സ്റ്റേഷനിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നു സംഭവം ഒതുക്കിത്തീർക്കാനായി കാന്റീൻ നടത്തിപ്പുകാരൻ സുദീപ് ഇടപെട്ടു. ഒന്നര ലക്ഷം രൂപയാണ് ഉദ്യോഗസ്ഥനും കരാറുകാരനും ചേർന്ന് ആവശ്യപ്പെട്ടത്.
പിന്നീട് ഒരു ലക്ഷം രൂപ നൽകിയാൽ കേസ് ഒതുക്കാമെന്നു ധാരണയായി. ഇതോടെയാണ് എക്സ് സർവീസ് ഉദ്യോഗസ്ഥൻ വിജിലൻസ് വിഭാഗവുമായി ബന്ധപ്പെടുന്നത്.ഇന്നലെ വൈകുന്നേരം നാലിന് ആദ്യഗഡുവായ കൊടുക്കുന്നതിനായി യുവാവ് മുണ്ടക്കയം സ്റ്റേഷനു മുന്നിലെ ക്വാർട്ടേഴ്സിൽ എത്തി.
ഫിനാഫ്തലിൻ പൗഡർ വിതറിയ നോട്ടുകൾ ഉൾപ്പെടെയുള്ള തുക ഇയാൾ സുദീപിനു കൈമാറി.സുദീപ് ക്വാർട്ടേഴ്സിലെത്തി തുക ഷിബുകുമാറിനു കൈമാറി. പിന്നാലെ എത്തിയ വിജിലൻസ് സംഘം ഇരുവരേയും പിടികൂടുകയായിരുന്നു.