തിരുവനന്തപുരം: അന്താരാഷ്ട്ര കള്ളക്കടത്തുകാരനും കേന്ദ്ര സുരക്ഷാ ഏജൻസികൾ അടക്കം അന്വേഷണം നടത്തുന്ന കേസുകളിലെ പ്രതിയുമായ മുഹമ്മദ് ഇമാമുൽ ഹഖ് എന്ന ബിഷു ഷെയ്ക്കിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്.
തിരുവനന്തപുരം ജില്ല വിട്ടുപോകാൻ പാടില്ല, പാസ്പോർട്ട് കോടതിയിൽ രണ്ടു ദിവസത്തിനകം സറണ്ടർ ചെയ്യണം, അതിർത്തി സുരക്ഷാ ജീവനക്കാരുമായി ബന്ധപ്പെടാൻ ശ്രമിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോൾ കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരാകണം, ജാമ്യം നിൽക്കുന്നവർ കേരളത്തിൽനിന്നുതന്നെ ആകണം എന്നീവ്യവസ്ഥകളോടയാണ് ജാമ്യം അനുവദിച്ചത്.
നിയമപരമായി പ്രതികൾക്ക് ജാമ്യം അനുവദിക്കാനുള്ള സമയമായതു കൊണ്ടാണ് ജാമ്യം അനുവദിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി.കഴിഞ്ഞ രണ്ടു മാസമായി ബിഷു ഷെയ്ക്ക് ജുഡീഷൽ കസ്റ്റഡിയിലാണ്. മുൻ സോളിസിസ്റ്റർ ജനറൽ ഓഫ് ഇന്ത്യ ഫാറൂഖ്.എം.റസാക്കാണ് ബിഷു ഷെയ്ക്കിനുവേണ്ടി ഹാജരായത്.
കഴിഞ്ഞ മാർച്ച് മാസം നാലിനാണ് ബിഎസ്എഫ് കമൻഡാന്റ് ജിബു.ഡി.മാത്യവിന് കൈക്കൂലി നൽകിയിരുന്ന അന്താരാഷ്ട്ര കള്ളക്കടത്തുകാരനും കേസിലെ രണ്ടാം പ്രതിയുമായ മുഹമ്മദ് ഇമാമുൾ ഹഖ് എന്ന ബിഷു ഷെയ്ക്കിനെ സിബിഐ കോൽക്കത്തയിൽനിന്നു പിടികൂടിയത്.