ചെങ്ങന്നൂർ: പണം കടം ചോദിച്ചത് കൊടുക്കാക്കത്തതിൽ വിരോധിച്ച് അയൽവാസിയുടെ കാൽ യുവാവ് തല്ലി ഒടിച്ചു.
ഇരു കാലുകളും ഒടിഞ്ഞ ചെങ്ങന്നൂർ തിട്ട മേൽ മുറിയിൽ കുരട്ടി മലയിൽ മധു (50)വിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയ ചെങ്ങന്നൂർ, തിട്ടമേൽ മുറിയിൽ കുരട്ടി മലയിൽ ഷിബു (35)നെ ചെങ്ങന്നൂർ എസ്ഐ എസ് നിധീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
അന്നു സംഭവിച്ചത്
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്. ഏതാനും ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
അയൽവാസികളും സുഹൃത്തുക്കളുമാണ് മധുവും ഷിബുവും. മധുവിന്റെ ഭാര്യയും മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്.
ഇവർ തിരികെ എത്തിയപ്പോഴാണ് കാലു രണ്ടും നീരുവന്ന നിലയിൽ മധുവിനെ കണ്ടത്.
വീണ് പരുക്കു പറ്റിയെന്നാണ് ഇവരോട് പറഞ്ഞത്. അടുത്ത ദിവസം വേദന അസഹ്യമായതോടെ മധുവിനെ ചെങ്ങന്നൂരിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി.
സംശയം തോന്നി ഡോക്ടർ വിശദമായി ചോദിച്ചപ്പോഴാണ് മധു നടന്ന സംഭവം പറഞ്ഞ്.
ഡോക്ടർ അറിയിച്ചതനുസരിച്ച് ചെങ്ങന്നൂർ പോലിസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കമ്പി വടി ഉപയോഗിച്ച് കാൽ തല്ലി ഒടിച്ച കാര്യം ഷിബു സമ്മതിച്ചത്.
വൈരാഗ്യത്തിനു പിന്നിൽ
പണം നൽകാതിരുന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും ഇയാൾ പറഞ്ഞു.
ചോദ്യം ചെയ്യലുകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സിവിൽ പോലീസ് ഓഫീസർമാരായ മണിലാൽ, അനീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.