രാജീവ് .ഡി പരിമണം
കൊല്ലം : ജില്ലയിൽ മുസ്ലിം ലീഗിന് നൽകുന്ന സീറ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല. ഇന്നോ നാളെയോ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്.
ചടയമംഗലം സീറ്റ് ആണ് ആദ്യം നൽകാനിരുന്നത്.കോൺഗ്രസ് നേതാക്കളുടെ എതിർപ്പിനെ തുടർന്ന് പുനലൂരിലേക്ക് മാറ്റി.
പുനലൂരിൽ മുസ്ലിം ലീഗിന് സീറ്റ് നൽകിയാൽ മുൻ എംഎൽഎ അടക്കമുള്ള നേതാക്കൾ പാർട്ടി സ്ഥാനമാനങ്ങളിൽ നിന്ന് രാജിവയ്ക്കുമെന്ന് ഭീഷണിമുഴക്കിയിരിക്കുകയാണ്.
ചവറയിലും കുന്നത്തൂരിലും പരസ്യപ്രചാരണം
അതേസമയം യുഡിഎഫിലെ ഘടകക്ഷിയായ ആർഎസ്പിക്ക് ലഭിച്ച മൂന്ന് സീറ്റുകളിലും പ്രചാരണം തുടങ്ങി. ചവറയിലും കുന്നത്തൂരിലും പരസ്യപ്രചാരണവും തുടങ്ങി.
ചവറയിൽ ഷിബുബേബിജോണും കുന്നത്തൂരിൽ ഉല്ലാസ് കോവൂരും വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർഥന തുടങ്ങി. ഇരവിപുരത്ത് ബാബുദിവാകരനും പ്രമുഖരെ കണ്ട് വോട്ട് അഭ്യർഥിച്ചു തുടങ്ങിയിട്ടുണ്ട്.
എൽഡിഎഫിൽ ചവറയിലെ സ്ഥാനാർഥി ഡോ.സുജിത്തും കുന്നത്തൂരിലെ സ്ഥാനാർഥി കോവൂർ കുഞ്ഞുമോനും പ്രചാരണം തുടങ്ങി.
പ്രഖ്യാപനം വരട്ടെ
സിപിഎം സ്ഥാനാർഥികളായി കൊല്ലത്ത് എം.മുകേഷ്, ഇരവിപുരത്ത് എം.നൗഷാദ്, കുണ്ടറയിൽ ജെമേഴ്സിക്കുട്ടിയമ്മ, കൊട്ടാരക്കരയിൽ ബാലഗോപാൽ എന്നിവരെതീരുമാനിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷമെ പരസ്യപ്രചാരണം തുടങ്ങുകയുള്ളു.
രണ്ട് ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം മുന്നണി സ്ഥാനാർഥികളുടെ കാര്യത്തിൽ ഉണ്ടാകും.
സ്ഥാനാർഥികളെ നിർണയിക്കുന്ന കാര്യത്തിൽ സിപിഐയിൽ തർക്കം തുടരുകയാണ്. കരുനാഗപ്പള്ളി, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ സീറ്റുകളിലാണ് സിപിഐ സ്ഥാനാർഥികൾ മത്സരിക്കുന്നത്.
നാലുമണ്ഡലങ്ങളിലും മൂന്നുപേർ വീതമടങ്ങുന്ന പാനലാണ് ജില്ലാഎക്സിക്യൂട്ടീവ് തയാറാക്കിയിട്ടുള്ളത്.