കൊണ്ടോട്ടി: ലോക്ക് ഡൗണിനെ തുടർന്ന് ഇംഗ്ലണ്ടിലെ സതാംപ്ടണ് തീരത്തിറങ്ങാൻ കഴിയാതെ അമേരിക്കൻ കന്പനിയുടെ ആഡംബര കപ്പലിൽ കുടങ്ങിയ 47 മലയാളികൾ നാട്ടിലെത്തി. കഴിഞ്ഞ 16ന് മുബൈയിലെത്തിയ കപ്പൽ ജീവനക്കാർ മുംബൈയിൽ ഏഴുദിവസത്തെ ക്വാറന്റൈനു ശേഷമാണ് നാട്ടിലെത്തിയത്.
മുംബൈയിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാനം അവസാനനിമിഷം മുടങ്ങിയതിനാൽ ബസിലാണ് എത്തിയതെന്നു കപ്പൽ ജീവനക്കാരനായ കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി ലുബൈബ് പറഞ്ഞു.
മുബൈയിൽ നിന്നുള്ള വാഹനമായിരുന്നതിനാൽ യാത്രയ്ക്കിടയിൽ കോഴിക്കോട് ടൗണ്‍ ഉൾപ്പെടെ പല ഇടങ്ങളിലായി ബസ് തടഞ്ഞുവച്ചുവെന്നു ലുബൈബ് പറഞ്ഞു.
ലോക്ക് ഡൗണ്‍കാലത്തെ കപ്പൽ വാസവും തുടർന്നുള്ള യാത്രകളും മാനസികമായി തളർത്തിയതായി മറ്റു യാത്രക്കാരും പറഞ്ഞു. അമേരിക്കയിലെ അപ്പോളോ ഗ്രൂപ്പ് ഷിപ്പിംഗ് കന്പനിയുടെ മാരല്ല ലൈൻ ക്രൂസ് ആഡംബര കപ്പലിലെ തൊഴിലാളികളാണ് ലോക്ക് ഡൗണിൽ കപ്പലിൽ കുടുങ്ങിയത്.
കന്പനി ചാർട്ടർ ചെയ്ത രണ്ടു വിമാനങ്ങളിൽ കഴിഞ്ഞ 15,16 തീയതികളിലാണ് ഇവരെ മുംബൈയിലും ഗോവയിലും എത്തിച്ചത്. 77 രാജ്യങ്ങളിലെ ജീവനക്കാരാണ് ഈ പഞ്ചനക്ഷത്ര കപ്പലിൽ ജോലിക്കാരായുണ്ടായിരുന്നത്.
എന്നാൽ ഇന്ത്യയടക്കം നാലു രാജ്യങ്ങളിലെ ജീവനക്കാർ മാത്രമാണ് നാട്ടിലേക്കു മടങ്ങാൻ കഴിയാതെ ദുരിതത്തിലായത്. ഇന്ത്യയിലേക്ക് വിമാനങ്ങൾക്കു നിയന്ത്രണമേർത്തിയതാണ് കപ്പലിൽ കുടുങ്ങാൻ കാരണം. യാത്രയ്ക്കുളള ചെലവെല്ലാം കന്പനി തന്നെയാണ് വഹിച്ചത്.
കന്പനിയുടെ അഞ്ചു കപ്പലുകളിലായി 44 മലയാളികളടക്കം അറുനൂറ് ഇന്ത്യക്കാരാണ് കുടുങ്ങിയത്. ഇതിൽ 50 പേരെ കപ്പലിൽ തന്നെ ജോലിക്ക് നിർത്തി ബാക്കി 550 പേരെയാണ് കന്പനി നാട്ടിലേക്കയച്ചത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ, പാലക്കാട് സ്വദേശികളാണ് കപ്പലിലെ മലയാളി തൊഴിലാളികൾ.