തലശേരി: സിപിഎം പ്രവർത്തകൻ വടക്കുമ്പാട് പാറക്കെട്ട് സിന്ധു നിവാസിൽ ഷിധിനെ (20) കൊലപ്പെടുത്തിയ കേസിൽ ഒൻപത് പ്രതികളെയും ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടയ്ക്കാനും തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചു.
പിഴസംഖ്യ ഷിധിന്റെ മാതാപിതാക്കൾക്ക് നൽകാനും പിഴയടച്ചില്ലെങ്കിൽ പ്രതികൾ ആറു മാസം വീതം അധിക തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.
കൊളശേരി കാവുംഭാഗം സ്വദേശികളായ കുന്നിനേരി മീത്തൽ വിപിൻ എന്ന ബ്രിട്ടോ (34) ചെറിയാണ്ടി വീട്ടിൽ നിഖിൽ ലാൽ (28) കാർത്തികയിൽ ധീരജ് (28) കൃഷ്ണയിൽ ധിൽനേഷ് (27), നിഹാൽ മഹലിൽ നിഹാൽ (26), ചെറിയാണ്ടി വീട്ടിൽ മിഥുൻ (31), പെരുന്താറ്റിൽ വൈശാഖം വീട്ടിൽ ഷിബിൻ (26), കാവുംഭാഗം ദേവി നിവാസിൽ അമൽകുമാർ (25), കാവുംഭാഗം കുന്നിനേരി മീത്തൽ സോജിത് (25) എന്നിവരാണ് കോടതി ശിക്ഷിച്ചത്.
2010 ഒക്ടോബർ നാലിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവിഭാഗം യുവാക്കൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. കൊളശേരി അയോധ്യ ബസ്സ്റ്റോപ്പിന് സമീപം വച്ചാണ് ഷിധിൻ അടിയേറ്റു മരിച്ചത്.