മണാലി: തൃശൂരില്‍നിന്നു കാണാതായ പെണ്‍കുട്ടി ഷിഫ അബ്ദുള്‍ നാസര്‍ മണാലിയില്‍ എത്തിയിരുന്നെന്നു പോലീസിന്‍റെ സ്ഥിരീകരണം. ഷിഫയുടെയും സുഹൃത്തുക്കളുടെയും ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ചതില്‍നിന്നാണ് പോലീസ് ഇത്തരത്തില്‍ നിഗമനത്തിലെത്തിയത്. തൃശൂര്‍ വലിയാലുക്കല്‍ അബ്ദുള്‍ നിസാറിന്‍റെയും ഷര്‍മിളയുടെയും മകള്‍ ഷിഫ അബ്ദുള്‍ നിസാര്‍ മരിച്ചതായാണ് വീട്ടുകാര്‍ക്കു വിവരം ലഭിച്ചത്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പാസ്‌പോര്‍ട്ടും മണാലി ബഹാംഗിലെ ബീസ് നദിക്കരയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയതായി വീട്ടുകാരെ പോലീസ് അറിയിച്ചു. ഷിഫയുടെ ബന്ധുക്കള്‍ മണാലിയില്‍ എത്തിയിട്ടുണ്ട്.
ദീപാവലിക്കു മുന്പ് മണാലിയിലെ മലാനയിലും ചന്ദേര്‍ഖനി പാസിലും ഷിഫ എത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഇത് അടുത്തുള്ള ഓള്‍ഡ് മണാലി ബഹാംഗിലെ ബീസ് നദിക്കരയില്‍നിന്നാണ് ഷിഫയുടെ വസ്ത്രങ്ങളും പാസ്‌പോര്‍ട്ടും കണ്ടെത്തിയത്. ഡിസംബര്‍ 25ന് ഹിമാചലില്‍നിന്നാണ് ഷിഫ അവസാനമായി ഫേസ്ബുക്ക് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.
ജനുവരി 7,8 ദിവസങ്ങളില്‍ മണാലിയില്‍ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സഞ്ചാരികള്‍ ഇവിടെ കുടുങ്ങുകയും ഗതാഗത സൗകര്യങ്ങള്‍ നിലയ്ക്കുകയും ചെയ്തു. ഓള്‍ഡ് മണാലിയിലെ ടൂറിസ്റ്റുകള്‍ അധികം സന്ദര്‍ശിക്കാത്ത പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. അതിനാല്‍തന്നെ പുതപ്പിനടിയില്‍ കിടന്നിരുന്ന മൃതദേഹം ആളുകളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടാകില്ലെന്നും പോലീസ് സംശയിക്കുന്നു. മൃതദേഹം കണ്ടെത്തിയ ജനുവരി 29നും ഈ പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. അതേസമയം, ഡിഎന്‍എ പരിശോധനയ്ക്കുശേഷം മാത്രമേ മരിച്ചത് ഷിഫയാണെന്നു സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് മണാലി സ്‌റ്റേഷന്‍ ഓഫീസര്‍ കെ.ഡി.ശര്‍മ പറഞ്ഞു.
കഴിഞ്ഞമാസം ഏഴിനാണ് ഷിഫയെ കാണാതാകുന്നത്. ഇതേമാസം 29ന് അഴുകിയ നിലയില്‍ ബീസ് നദിക്കരയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിനടുത്തുനിന്ന് പാസ്‌പോര്‍ട്ടും വസ്ത്രങ്ങളും കണ്ടെത്തിയതോടെയാണ് മരിച്ചത് ഷിഫയാണെന്നു പോലീസ് സംശയിക്കുന്നത്. പോലീസിന് തിരിച്ചറിയാന്‍ സാധിക്കാതിരുന്ന മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്കുശേഷം സംസ്കരിച്ചിരുന്നു. മൃതദേഹത്തില്‍ ജീന്‍സ്, സ്വെറ്റര്‍, ജാക്കറ്റ് എന്നിവയാണ് ഉണ്ടായിരുന്നത്.
ഇവന്‍റ് മാനേജ്‌മെന്‍റ് കന്പനിയില്‍ ജോലി ചെയ്യുന്ന ഷിഫ, ഒക്ടോബര്‍ 14നാണ് വീട്ടില്‍നിന്നു പുറപ്പെട്ടത്. കൊച്ചി, മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളും ഇതിനിടെ ഷിഫ സന്ദര്‍ശിച്ചിരുന്നു. മുന്പ് ദുബായിയിലായിരുന്ന ഷിഫ, അവിടെനിന്നു തിരിച്ചെത്തിയശേഷം ഇവന്‍റ് മാനേജ്‌മെന്‍റ് കന്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ജനുവരി 7ന് പെണ്‍കുട്ടി മണാലിയില്‍നിന്ന് അവസാനമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പിതാവ് പറയുന്നു. ജനുവരി 15ന് വീട്ടിലേക്കെത്താമെന്ന് അറിയിച്ചിരുന്നു. ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ മറ്റുപല നന്പറുകളില്‍നിന്ന് ഷിഫ ബന്ധപ്പെട്ടിരുന്നവെന്നും പുതിയ ഫോണ്‍ വാങ്ങാന്‍ താന്‍ ഷിഫയെ നിര്‍ദേശിച്ചിരുന്നെന്നും പിതാവ് പറഞ്ഞു.