കോഴിക്കോട്: ഷിഗല്ലോസീസ് എന്നറിയപ്പെടുന്ന ബാക്ടീരിയൽ ബാധയെയാണ് ഷിഗല്ലെ എന്ന രോഗത്തിന് കാരണം. ആമാശയത്തിനും കുടലിനും ബാധിക്കുന്ന ബാക്ടീരിയ കലശലായ വയറിളക്കത്തിന് കാരണമാകും. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ബാക്ടീരിയ മനുഷ്യ ശരീരത്തിൽ എത്താനുള്ള സാധ്യത ഏറ്റവുമധികമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ബാക്ടീരിയ ശരീരത്തിൽ എത്തിയാൽ ഒരാഴ്ചകൊണ്ട് പ്രവർത്തിച്ചു തുടങ്ങും. കോളറ പോലെയുള്ള രോഗലക്ഷണമാണ് ഷിഗല്ലെയ്ക്കുമുണ്ടാവുക.മലത്തിൽ രക്തം കലർന്നതായി കാണും. രണ്ടു മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്കാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ.
ഭക്ഷണം കഴിക്കുന്നതിന് മുന്പ് കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കലാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കുട്ടികളുടെ ഡൈപർ മാറ്റി കഴിഞ്ഞാൽ കൈകൾ സോപ് ഉപയോഗിച്ച് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കവും മറ്റുമാണെങ്കിലും ചിലർക്ക് ഇതൊന്നുമില്ലാതെയും ഷിഗല്ലെ ബാധിക്കാമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.