കൊല്ലാട്: ഫർണിച്ചർ പണിയുമായുണ്ടായ സാന്പത്തിക തർക്കം പാർട്ടി ഓഫീസിൽ പറഞ്ഞു തീർക്കാനെത്തിയ തടിപ്പണിക്കാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണത്തിന്. മൂലേടം കുന്നന്പള്ളി മരോട്ടിപറന്പിൽ ഷിബി(മോനിച്ചൻ, 55)നാണു മരിച്ചത്.
ഫർണിച്ചർ നിർമാണ തൊഴിലാളിയായ മോനിച്ചൻ കൊല്ലാട് സ്വദേശിയായ റിട്ട. ഫോറസ്റ്റ് ജീവനക്കാരന്റെ വീട്ടിലെ ഫർണിച്ചർ പണിയുമായുണ്ടായ സാന്പത്തിക തർക്കത്തെ തുടർന്നാണ് വ്യാഴാഴ്ച വൈകുന്നേരം ആറിനു കൊല്ലാട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ ഇരുവരും ഒത്തു തീർപ്പിനെത്തിയത്.
കാര്യങ്ങൾ പറയുന്നതിനിടയിൽ കസേരയിൽനിന്നും വഴുതി വീണ മോനിച്ചനെ സമീപത്തുണ്ടായിരുന്നവർ ആംബുലൻസ് വിളിച്ചുവരുത്തി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തും മുന്പ് മരിക്കുകയായിരുന്നു.
മൃതദേഹം ഈസ്റ്റ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഭാര്യ: ഐഷ. മക്കൾ: ചിന്നു, ചിപ്പി, അനന്ദു.