കൽപ്പറ്റ: ജമ്മു-കാഷ്മീരിലെ കാർഗിലിൽ മഞ്ഞിടിച്ചിലിൽ മരിച്ച വയനാട് പൊഴുതന സ്വദേശി നായിക് സുബൈദർ സി.പി. ഷിജിക്കു(45) നാടിന്റെ യാത്രാമൊഴി. കാർഗിലിൽനിന്നു വ്യാഴാഴ്ച രാത്രി നാട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെ ഇന്നലെ രാവിലെ പത്തിനു കറുവന്തോട് പണിക്കശേരി തറവാട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
പൊഴുതന രാഷ ഓഡിറ്റോറിയത്തിൽ രാവിലെ ആറു മുതൽ ഒന്പതു വരെ പൊതുദർശനത്തിനു വച്ചശേഷമാണ് മൃതദേഹം സംസ്കാരത്തിനു എടുത്തത്.
അര മണിക്കൂർ നീണ്ട സൈനിക ചടങ്ങുകൾക്കൊടുവിലാണ് സമുദായ ആചാരപ്രകാരം മൃതദേഹം ദഹിപ്പിച്ചത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ജില്ലാ ഭരണകൂടത്തെ പ്രതിനിധാനം ചെയ്തു വൈത്തിരി തഹസിൽദാർ എം.ഇ.എൻ. നീലകണ്ഠന്റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങി സ്വദേശത്തേക്കു കൊണ്ടുവന്നത്. നിയുക്ത കൽപ്പറ്റ എംഎൽ എ ടി. സിദ്ദിഖ് മൃതദേഹത്തെ അനുഗമിച്ചു.
പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സർക്കാരിനുവേണ്ടി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല റീത്ത് സമർപ്പിച്ചു.
സൈനികന്റെ വീട്ടിലെത്തിയ കളക്ടർ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെംബർ എൻ.സി. പ്രസാദ്, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. ജോസ് തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സൈനികനു അന്ത്യോപചാരമർപ്പിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പൊതുദർശനം. രാഹുൽഗാന്ധി എംപിയുടെ അനുശോചന സന്ദേശം ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ ഷിജിയുടെ കുടുംബത്തിനു കൈമാറി.
ൊഴുതന വില്ലേജിലെ കറുവന്തോട് പണിക്കശേരി വീട്ടിൽ പരേതനായ ചന്ദ്രന്റെയും ശോഭനയുടെയും മകനാണ് ഷിജി. 28 മദ്രാസ് റജിമെന്റിലായിരുന്നു ജോലി.
പഞ്ചാബിൽ സേവനം ചെയ്തിരുന്ന അദ്ദേഹം സ്ഥാനക്കയറ്റത്തെത്തുടർന്നാണ് കാഷ്മീരിൽ എത്തിയത്. ഒരു വർഷംമുന്പ് നാട്ടിൽ വന്നിരുന്നു.
ഭാര്യ: സരിത. കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാർഥി അഭിനവ് (13), അമയ (ഒന്നര) എന്നിവർ മക്കളാണ്.സഹോദരങ്ങൾ: ഷൈജു, സിനി.