മോഹന്‍ലാലിനെ കാണണമെന്ന ആഗ്രഹം സഫലീകരിച്ച് ഷിജിലി കെ. ശശിധരൻ. ജന്മനാ അസ്ഥികൾ പൊടിയുന്ന അസുഖവുമായി ജീവിക്കുന്ന ഷിജിലിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മോഹൻലാലിനെ കാണുക എന്നത്.
അതിനുള്ള വഴി മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഒരുക്കുകയും ചെയ്തു. കോഴിക്കോട് മാങ്കാവ് ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തിയാണ് ഷിജിലി ജീവിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് മോഹൻലാലിനൊപ്പം ചെലവഴിച്ചതെന്ന് ഷിജിലി ഫെയ്സ്ബുക്കിൽ കുറിച്ചു.
സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്റെ ലാലേട്ടനൊപ്പം ഞാൻ ചിലവഴിച്ചു.
എന്റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി.
കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ; ചേർത്ത് പിടിച്ചു എന്നെ ഏട്ടന്റെ കൈകൾ. കുറേ വിശേഷങ്ങൾ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു.
ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി; എന്റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം. നന്ദി പറയാനുള്ളത് സർവേശ്വരനോടാണ്.
പിന്നെ കോഴിക്കോട്ടെ ലാലേട്ടൻ ഫാൻസിലെ എന്റെ പ്രിയപ്പെട്ട ഏട്ടൻമാരോടും. എന്റെ പ്രിയ സുഹൃത്ത് പ്രജിത്ത്, ടിന്റു ഏട്ടൻ, സുഗീതേട്ടൻ, സുഹാസേട്ടൻ, രാജൻ ചേട്ടൻ എല്ലാവർക്കും നൂറ് നൂറ് നന്ദി. ഷിജിലി കുറിച്ചു.