കാക്കനാട്: മലപ്പുറം സ്വദേശിയായ ബിസിനസുകാരനെ ഹണി ട്രാപ്പിൽപ്പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ യുവതി ഉൾപ്പെട്ട കൂടുതൽ സംഭവങ്ങളുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നു.
തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിനു സമീപം അമ്പാടിമൂലയിൽ എംഐആർ ഫ്ലാറ്റിൽ 17 ഡിയിൽ ഷിജിമോൾ (34) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്.
മലപ്പുറം സ്വദേശിയെ സുഹൃത്തുവഴി പരിചയപ്പെട്ട യുവതി തന്റെ ഫ്ളാറ്റിലേക്കു ക്ഷണിച്ചുവരുത്തി മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി മയക്കി നഗ്നചിത്രങ്ങളും വീഡിയോകളും എടുത്തശേഷം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.
താൻ ഗർഭിണിയാണെന്നും ഇനി ഫ്ളാറ്റിൽ താമസിക്കാൻ കഴിയില്ലെന്നും വീട് വാങ്ങാൻ പണം നൽകണമെന്നും അല്ലെങ്കിൽ വീട്ടിലേക്ക് വരുമെന്നും യുവതി ഭീഷണിപ്പെടുത്തിയിരുന്നു.
2021 സെപ്റ്റംബർ ആദ്യം മുതൽ പല ഘട്ടങ്ങളിലായാണ് 38 ലക്ഷം തട്ടിയെടുത്തത്.
തുടർന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയപ്പോഴാണ് പോലീസിൽ പരാതിപ്പെട്ടത്.
അതിനിടെ ഗത്യന്തരമില്ലാതെ പരാതിക്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. വരാപ്പുഴ പെൺവാണിഭ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിട്ടുണ്ട് ഷിജിമോൾ.
തൃക്കാക്കര സ്റ്റേഷൻ ഓഫീസർ ആർ. ഷാബു, എസ്ഐമാരായ അനീഷ്, വി.വി. വിഷ്ണു, എൻ.ഐ. റഫീക്, റോയി കെ. പുന്നൂസ്, എഎസ്ഐ ശിവകുമാർ, സിപിഒ ജാബിർ, ജയശ്രീ, ശബ്ന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.