ചാത്തന്നൂർ: കുണ്ടറ നിയോജക മണ്ഡലത്തിലെ പെട്രോൾ ബോംബാക്രമണക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ഇഎംസിസി എന്ന അമേരിക്കൻ കമ്പിനി ചെയർമാൻഷിജു എം വർഗീസീനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങും.
ഷിജു വർഗീസിന്റെ സ്വത്തുക്കളെക്കുറിച്ചും ബാങ്ക് ഇടപാടുകളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. ഷിജു വർഗീസിന്റെ ഇ-മെയിൽ സന്ദേശങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും സൈബർ സെൽ മുഖേന പരിശോധിച്ചു വരികയാണ്.
ഇതിന്റെ തുടർ അന്വേഷണത്തിനായാണ് ഷിജു വർഗീസിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ചാത്തന്നൂർ എസി പി, വൈ.നിസാമുദീൻ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പു ദിവസം കുരീപ്പള്ളിയിൽ സ്വന്തം കാറിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ ഷിജു വർഗീസ്, മാനേജർ ശ്രീകാന്ത്, ക്വട്ടേഷൻ സംഘാംഗം ബിനുകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തിരുന്ന ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും തെളിവെടുപ്പു പൂർത്തിയാക്കിയ ശേഷം പോലീസ് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിക്കുകയും ചെയ്തിരുന്നു.
റിമാൻഡിൽ ജയിലിൽ കഴിയുകയാണ് പ്രതികൾ. ഷിജൂ വർഗീസിനെയാണ് കൂടുതൽ അന്വേഷണങ്ങൾക്കായി വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.
തെരഞ്ഞെടുപ്പു ദിവസമായ ഏപ്രിൽ ആറിനാണ് ഷിജു വർഗീസിന്റെ കാറിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസുണ്ടായത്.
പുലർച്ചേ അഞ്ചരയ്ക്ക് കണ്ണനല്ലരിനടുത്ത് കുരീപ്പള്ളിയിലായിരുന്നു സംഭവം. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ മത്സരിച്ച കുണ്ടറ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു ഷിജു എം വർഗീസ്.
കാറിന് പെട്രോൾ ബോംബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ചു ഷിജു തന്നെയാണ് കണ്ണനല്ലൂർ പോലീസിന് പരാതി നൽകിയത്. സംഭവം ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു.