ചാത്തന്നൂർ: ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദ നായകനായി മാറിയ ഇ എം സി സി എന്ന അമേരിക്കൻ കമ്പനിയുടെ ഡയറക്ടർ ഷിജു.എം.വർഗീസ് അമേരിക്കയിൽ 10 കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ്.
കുണ്ടറ കുരീപ്പള്ളിയിൽ തിരഞ്ഞെടുപ്പു ദിവസം കാറിന് നേരെ നടന്ന പെട്രോൾ ബോംബാക്രമണക്കേസിൽ ഷിജു വർഗീസും കൂട്ടാളികളും റിമാൻഡിൽ കഴിയുകയാണ്. അന്വേഷണം നടത്തുന്ന ചാത്തന്നൂർ എ സി പി വൈ .നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം ഷിജു വർഗീസിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തിരുന്നു.
കേരളത്തിൽ രജിസ്റ്റർ ചെയ്ത ഉപകമ്പനി ബന്ധുക്കളുടെ പേരിലാണ്. ഉപകമ്പനിക്ക് നിയമാവലി പോലും തയാറാക്കായിട്ടില്ലെന്നും പോലീസ് പറയുന്നു.പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇ എം സി സി യെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തായത്.
ഷിജുവിന്റെ കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിരുന്നു.ഇതിൽ നിന്നുള്ള വിവരങ്ങൾ സൈബർ സെൽ മുഖേന പോലീസ് പരിശോധിച്ചു വരികയാണ്.ഷിജുവിന്റെ സാമ്പത്തിക സ്രോതസ്സുകൾ, ഇടപാടുകൾ എന്നിവ സംബന്ധിച്ച് ബാങ്കുകളിലും പോലീസ്അന്വേഷണം നടത്തി വരികയാണ്.
ഷിജുവിന് കുണ്ടറയിൽ സ്ഥാനാർത്ഥിത്വം നല്കിയ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ജനറൽ സെക്രട്ടറി കോന്നി ഗോപകുമാർ, പാർട്ടിയുടെ ഗുരുവായൂരിലെ സ്ഥാനാർത്ഥിയായിരുന്ന ദിലീപ് നായർ തുടങ്ങിയ നേതാക്കളിൽ നിന്ന് കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുത്തു.
പാർട്ടി പ്രസിഡന്റ് മല്ലേലിൽ ശ്രീധരൻ നായരും മറ്റ് ചില സ്ഥാനാർത്ഥികളും ചാത്തന്നൂർ എ സി പി മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ഷിജു വർഗീസിനെ ഇന്നലെ വൈകിട്ട് തിരികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം ഷിജു.എം.വർഗീസിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. സുപ്രധാനമായ തിരഞ്ഞെടുപ്പിൽ ഇടപെടുന്നതിനും എതിർ സ്ഥാനാർത്ഥിക്കെതിരെ അപവാദ പ്രചരണം നടത്തുന്നതിനും വേണ്ടി ആസൂത്രിതമായി നടപ്പാക്കിയ കുറ്റകൃത്യത്തെ ഗൗരവമായി കാണുന്നുവെന്ന് ജാമ്യാപേക്ഷ നിരസിച്ചു കൊണ്ടുള്ള ഉത്തരവിൽ അഡീഷണൽ സെഷൻസ് ജഡ്ജി എം മനോജ് ചൂണ്ടിക്കാട്ടി.