ചാത്തന്നൂർ: ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുടെ ചെയർമാൻ ഷിജു വർഗീസിനെതിരെ അന്വേഷണം നടത്തുന്ന പോലീസ് സംഘം ദല്ലാൾ നന്ദകുമാറിന്റെ റോൾ കണ്ടെത്താൻ ശ്രമം തുടങ്ങി.
അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ നന്ദകുമാറിന് അറിയിപ്പു നൽകി.
ശ്രീധരൻ നായരും കുരുക്കിൽ
ഷിജു എം വർഗീസിന് നിയമസഭാ തിരഞ്ഞെടുപ്പിൽ ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ കുണ്ടറയിൽ മത്സരിക്കാൻ സ്ഥാനാർത്ഥിത്വം നല്കിയ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനും വ്യവസായിയുമായ മല്ലേലിൽ ശ്രീധരൻ നായരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
പ്രത്യേക അന്വേഷണ സംഘം തലവൻ ചാത്തന്നൂർ എ സി പി വൈ . നിസാമുദീന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പത്രിക സമർപ്പിക്കുന്ന വേളയിൽ മാത്രമാണ് ഷിജുവുമായി ബന്ധപ്പെട്ടതെന്ന് മല്ലേലിൽ ശ്രീധരൻ നായർ മൊഴി നല്കി.
നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടി വയ്ക്കുന്നതിനാവശ്യമായ പതിനായിരം രൂപ ചോദിച്ചതു കൊടുത്തു.ഇതുവരെ ആ തുക മടക്കികൊടുത്തിട്ടില്ല.അതിനു ശേഷം താൻ കോവിഡ് ബാധിച്ച് ഒന്നര മാസത്തോളം എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.
പത്രവാർത്തകളിൽ കൂടിയാണ് ബോംബാക്രമണ കേസ്അറിയുന്നതെന്നും ശ്രീധരൻ നായർ മൊഴി നല്കി.
പെട്രോൾ ബോംബ്
തെരഞ്ഞെടുപ്പു ദിവസം ഷിജുവിന്റെ കാറിനു നേരെ പെട്രോൾ ബോംബാക്രമണം നടന്നത് വലിയ വിവാദമായിരുന്നു. ഈ കേസിൽ ഷിജു വർഗീസ് ഉൾപ്പെടെ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾ റിമാൻഡിലാണ്. ആഴക്കടൽ മത്സ്യ ബന്ധന കരാർ വിവാദമായതിനെത്തുടർന്നാണ് മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ ഷിജു മത്സരിച്ചതും അവരെ അപകീർത്തിപ്പെടുത്താനാണ് പെട്രാൾബോംബാക്രമണ നാടകം നടത്തിയതെന്നും പോലീസ് കണ്ടെത്തി.
സ്ഥാനാർഥികളെ ചോദ്യം ചെയ്യും
ഷിജു എം വർഗീസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം തുടർ അന്വേഷണം നടത്തി വരികയാണ്.സാമ്പത്തിക സ്രോതസ്, ബാങ്ക് ഇടപാടുകൾ, ആസ്തികൾ എന്നിവയെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.ഇതിന്റെ ഭാഗമായാണ് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ നേതാക്കളെ ചോദ്യം ചെയ്തത്.
തെരഞ്ഞെടുപ്പിൽ മത്സരിച്ച ഈ പാർട്ടിയുടെ മൂന്ന് സ്ഥാനാർഥികളെക്കൂടി ചോദ്യം ചെയ്യുമെന്ന് എസിപി വൈ .നിസീമുദീൻ പറഞ്ഞു.
കഴിഞ്ഞ ദിവസം അറസ്റ്റിലാവുകയും കോടതി റിമാൻഡ് ചെയ്ത് ജയിലിൽ കഴിയുകയും ചെയ്യുന്ന രണ്ടാം പ്രതി കൃഷ്ണകുമാറി (44) നെ ആവശ്യമെന്ന് കണ്ടാൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.