തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടേയും സിഡബ്ലൂസിയുടേയും ഇടപെടലുകളിലൂടെ അമ്മയറിയാതെ കുട്ടിയെ ദത്തുനല്‍കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടികൾ സ്വീകരിക്കാൻ തയാറാവാതെ സർക്കാർ.
ദത്തുവിവാദത്തിൽ ശിശുവികസന ഡയറക്ടർ ടി.വി. അനുപമ സർക്കാരിന് നല്കിയ റിപ്പോർട്ടിലും ശിശുക്ഷേമസമിതിയുടേയും സിഡബ്ള്യുസിയുടേയും ഇടപെടലുകൾ വ്യക്തമാക്കിയിരുന്നു.
സമിതിയ്ക്കും സിഡബ്ലുസിയ്ക്കും കുട്ടിയെ ദത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചതായും പറയുന്നുണ്ട്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, സിഡബ്ലൂസി ചെയർപേഴ്സണ്‍ സുനന്ദ എന്നിവർ ദത്തു നല്‍കുന്നത് പരാതിക്കാരിയായ അനുപമയുടെ കുട്ടിയാണെന്ന് അറിഞ്ഞിട്ടും ദത്തുനടപടിക്രമങ്ങളുമായി മുന്നോട്ടുപോയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആണ്‍കുട്ടിയെ രജിസ്റ്ററിൽ പെണ്‍കുട്ടിയാക്കി മാറ്റി, ശിശുക്ഷേമസമിതിയിലെ രജിസ്റ്ററിലെ ചില വിവരങ്ങൾ ചുരണ്ടി മാറ്റപ്പെട്ടു തുടങ്ങിയ ആക്ഷേപങ്ങൾ ശിശുക്ഷേമ സമിതിക്കെതിരായി നിലനില്‍ക്കുകയാണ്.
നിലവിലെ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കാനായി ഉന്നത തലനീക്കം തന്നെ നടക്കുന്നതായും സൂചനയുണ്ട്.
മുൻ ജനറൽ സെക്രട്ടറി വിവാദമായ വാർത്ത മാധ്യമങ്ങൾക്ക് നല്‍കിയെന്ന ആക്ഷേപത്തിൽ ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെട്ടു.
ആ സ്ഥാനത്തേയ്ക്ക് വന്ന ഷിജുഖാനെതിരേയാണ് ഇപ്പോൾ അതിരൂക്ഷമായ ആരോപണം ഉയർന്നിട്ടും നടപടി സ്വീകരിക്കാതെ സംരക്ഷണം നല്‍കുന്നത്.