നാട്ടുകാരെ വെള്ളിത്തിരയിലെത്തിക്കാൻ നവാഗത സംവിധായകനായ ഷിജു പീറ്ററിന്റെ സിനിമ റോമ. 6 ശ്രദ്ധേയമാകുന്നു. സിനിമയില്‍ മുഖം കാണിക്കാനായി വര്‍ഷങ്ങളോളം കാത്തിരുന്ന പയ്യന്നൂരും പരിസരങ്ങളിലുമുള്ള നാല്പതോളം കലാകാരൻമാരെ അണിനിരത്തിയാണ് സിനിമ പ്രദർശനത്തിനെത്തിയത്.
സിനിമയുടെ രചനയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചതും സംവിധായകനാണ്. രണ്ടു വർഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ സിനിമ. 12 ദിവസങ്ങൾ കൊണ്ട് ഷൂട്ടിംഗ് പൂർത്തീകരിച്ചു. ഏഴിമലയുടെ ദൃശ്യഭംഗിയും കവ്വായിയിലെ കണ്ടല്‍ സമൃദ്ധിയുടെ പച്ചപ്പും ആകര്‍ഷണീയതയും ഒപ്പിയെടുത്ത ദൃശ്യങ്ങളാണ് സിനിമയിലുള്ളത്.
എരഞ്ഞോളിക്കാരന്റെ രചനയില്‍ വിദ്യാധരന് മാസ്റ്റര്‍ സംഗീതം നല്കി ഭാവഗായകന് പി.ജയചന്ദ്രന് പാടിയ അവസാന സിനിമാഗാനമുള്പ്പെടെയുള്ള ശ്രദ്ധേയമായ ഗാനങ്ങള്‍ ചിത്രത്തിന്റെ ആത്മാവായും മാറി. ആദ്യം പയ്യന്നൂരിൽ മാത്രമായി റിലീസ് ചെയ്ത ചിത്രം കേരളമൊട്ടാകെ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ്.
ചിത്രം റിലീസ് ചെയ്തത് ഒരു പരീക്ഷണമെന്ന രീതിയിലായിരുന്നു. കലാകാരന്മാരെ കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുന്ന പയ്യന്നൂരിൽ സിനിമ വൻ വിജയമായിരിക്കുകയാണ്. ക്രിസ്തീയ പശ്ചാത്തലത്തിൽ ആനുകാലിക പ്രസക്തിയുള്ള കൊച്ചുകൊച്ചു സംഭവങ്ങളിലൂടെ ഇതള്‍വിരിയുന്ന സിനിമ മനഃസാക്ഷിയുടെ കുരിശുയുദ്ധമാണ് പ്രമേയമാക്കിയിരിക്കുന്നത്.
അതോടൊപ്പം എത്രയൊക്കെ മൂടിവെച്ചാലും സത്യം കല്ലറകളേയും ഭേദിക്കുമെന്ന മുന്നറിയിപ്പും നല്കുന്നു. ഇതിലെ കല്ലറ എന്നത് ഒരു പ്രതീകമാണെന്നും ഈശ്വരവിശ്വാസികൾക്ക് മരണാനന്തരമുള്ള ആത്മാക്കളുടെ സ്ഥലമായും വിശ്വാസികളല്ലാത്തവർക്ക് മനസാക്ഷിയുടെ കോടതിയായും പരിഗണിക്കാമെന്ന് സംവിധായകൻ ഷിജു പീറ്റർ പറഞ്ഞു. സംഗീതാധ്യാപകനും സൗണ്ട് എൻജിനിയറുമായ ഷിജുവിന്റെ മികവുകള്‍ പശ്ചാത്തല സംഗീതത്തിലും പ്രകടമാണ്.