കാടിനോടും കാട്ടുമൃഗങ്ങളോടും പടപൊരുതിയ ജീവിച്ച ”ശിക്കാരി കുട്ടിയമ്മ” ഇനി ഓര്മ. ത്രേസ്യാമ്മ തോമസ് ” ശിക്കാരി കുട്ടിയമ്മ”യായത് സിനിമക്കഥകളെ വെല്ലുന്ന സംഭവമാണ്.
പാലായിലെ ഒരു സ്വകാര്യ ബാങ്ക് പൊളിഞ്ഞതോടെയാണു കുട്ടിയമ്മയുടെ കുടുംബം 1964 ല്‍ മറയൂരില്‍ എത്തുന്നത്. അപ്പനും അമ്മയും ആറു സഹോദരങ്ങളുമടക്കം. കുട്ടിയമ്മയെ മഠത്തിലാക്കി പഠിപ്പിച്ചപ്പോള്‍ ബാക്കിയുള്ളവര്‍ മറയൂര്‍ നിന്നു. ഇതിനിടെ, മലമ്പനി മറയൂരിനെ കടന്നാക്രമിച്ചു. മരണം പതിവായി.
കുട്ടിയമ്മ മറയൂരില്‍ വരുമ്പോള്‍ കാണുന്നത് ഒരു വരാന്തയില്‍ അഭയം പ്രാപിച്ച സഹോദരങ്ങളെയാണ്. വിശക്കുമ്പോള്‍ പഴങ്ങള്‍ കിട്ടുമോ എന്നറിയാനാണ് ആദ്യം കാട് കയറിയത്. ഇതിനിടെ മൂത്ത സഹോദരന് വേട്ടക്കാര്‍ക്കൊപ്പം കൂടി. ഒരിക്കല്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ സഹോദരനെ ഒപ്പമുണ്ടായിരുന്നവര്‍ കാട്ടില്‍ ഉപേക്ഷിച്ചു. ഇതോടെ ഒരു തോക്കുടെുത്ത് കുട്ടിയമ്മയും മറ്റു സഹോദരങ്ങളും കാടുകയറി. നീര് വന്ന കാലുമായി പാറപ്പുറത്ത് ഇരിക്കുന്ന സഹോദരനെ കുട്ടിയമ്മ കണ്ടെത്തുമ്പോള്‍ കൈയെത്താവുന്ന ദൂരത്തു പുലികള്‍ ഉണ്ടായിരുന്നത്രേ.
സഹോദരനാണു കുട്ടിയമ്മയെ വെടിവെയ്ക്കാന്‍ പരിശീലിപ്പിച്ചത്. തോക്കുമായി സഹോദരങ്ങളെയും കൂട്ടി വേട്ടയ്ക്കുപോയ കുട്ടിയമ്മയ്ക്ക് ആദ്യ ദിവസം തന്നെ ഒരു കാട്ടുപോത്തിനെ വീഴ്ത്താനായി. സഹോദരന്റെ ചികിത്സയ്ക്കു പണം ഇല്ലാതിരുന്നപ്പോള്‍ ആശുപത്രി അധികൃതര്‍ പകരം കാട്ടിറച്ചി ചോദിച്ചെന്നും ഇതിനുവേണ്ടിയാണ് ആദ്യം വേട്ടയ്ക്കു പോയതെന്നും കഥയുണ്ട്. ഇറച്ചി ഉപ്പു ചേര്‍ത്തു പാറപ്പുറത്തുവച്ചുണക്കി മറയൂരില്‍ കൊണ്ടുപോയി വിറ്റു. പകല്‍ നായാട്ടിനു പോകും. രാത്രി ഒരു ഗുഹയില്‍ കുട്ടിയമ്മയും സഹോദരങ്ങളും കിടക്കും. ഇതിനിടെ പുല്െതെലവും വാറ്റും.
17 ഏക്കറോളം ഭൂമി സ്വന്തമാക്കി കൃഷി ചെയ്തിരുന്ന കുട്ടിയമ്മയ്ക്ക് വന്യജീവി ജീവി ആക്രമണം എന്നും തലവേദനയായിരുന്നു. കര്‍ഷകരെ കാട്ടാന ആക്രമണത്തില്‍നിന്നു രക്ഷിച്ചിരുന്നതും കുട്ടിയമ്മയാണ്. വേട്ടക്കാരനായ ജോസഫുമായുള്ള വിവാഹശേഷമാണ് ഇവര്‍ കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ചുരുളിപ്പെട്ടിയിലേക്കു താമസം മാറിയത്. ഭര്‍ത്താവ് വേട്ടയ്ക്കു പോകുമ്പോള്‍ കുട്ടിയമ്മയും കുഞ്ഞുങ്ങളും കൊടുംകാട്ടിലാണ് താമസിച്ചത്. കുട്ടിയമ്മയുടെ വനവാസ സമയത്ത് വന്യജീവി നിയമം വന്നിരുന്നില്ല. ആനവേട്ടക്കാരുടെ കണ്ണിലെ കരടുമായിരുന്നു കുട്ടിയമ്മ. ചിന്നാര്‍ കടന്നു കാറ്റില്‍ ആര് കയറിയാലും കുട്ടിയമ്മ അറിയും വനംവകുപ്പുകാരെ അറിയിക്കും.
കഞ്ചാവ് കൃഷിക്കാരെയും കുട്ടിയമ്മ നേരിട്ടിരുന്നു. വേട്ടയ്ക്ക് പോയപ്പോള്‍ കിട്ടിയ ഒരു കടുവാക്കുഞ്ഞിനെ വളര്‍ത്തിയിരുന്നെന്നും പിന്നീട് റേഞ്ചറുടെ നിര്‍ബന്ധം കാരണം കാട്ടില്‍ വിട്ടയച്ചെന്നും കഥയുണ്ട്. 1972 ല്‍ വന്യജീവി നിയമം വരുന്നതിനു മുന്‍പ് തന്നെ കുട്ടിയമ്മ കൃഷിയിലേക്കു ചുവടുമാറ്റിയിരുന്നു. 1984 ല്‍ ചിന്നാര്‍ വന്യജീവി സങ്കേതം പ്രഖ്യാപിച്ചതോടെ 1990 ല്‍ ഇവര്‍ ചുരുളപ്പെട്ടിയിലെ സ്ഥലം വിട്ടുനല്‍കി. 55 ലക്ഷം രൂപയാണ് വനം വകുപ്പ് നല്‍കിയത്. നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് കുട്ടിയമ്മയ്ക്കു നഷ്ടപരിഹാരം ലഭിച്ചത്. പിന്നീട് കാഞ്ഞിരപ്പള്ളി ആനക്കല്ലിലേക്കു താമസം മാറുകയായിരുന്നു. അവിടെ പൊതുപ്രവര്‍ത്തന രംഗത്തും സജീവമായി. കേരളാ ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ വേട്ടക്കാരിയെന്ന ബഹുമതിയോടെയാണ് ശിക്കാരി കുട്ടിയമ്മ വിടവാങ്ങുന്നത്.