കോട്ടയം: 2019 നവംബറില്‍ ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ അണ്ടര്‍ 18 സ്കൂള്‍സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ സ്കൂള്‍ ഫുട്ബോള്‍ ടീം ക്യാമ്പിലേക്ക് ‘ലിഫ’ ട്രിവാന്ടഡ്രം ഗോള്‍ കീപ്പര്‍ ഷിക്കു സുനില്‍ തെരഞ്ഞെടുക്കപ്പെട്ടു. തീരദേശഗ്രാമമായ വള്ളവിള സുനിലിന്റെയും പ്രശീലയുടെയും മകനാണ് ഷിക്കു. വള്ളവിളയിലെ സെന്റ് ആന്റണീസ് സ്പോര്‍ട്സ് ക്ലബ്ബിലൂടെയാണ് ഷിക്കു കാല്‍പ്പന്തുകളിയുടെ ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങുന്നത്.
ഷിക്കുവിന്റെ ഫുട്ബോള്‍ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് 2015 ല്‍ ‘ലിഫ’ ട്രിവാന്‍ഡ്രം റസിഡന്‍ഷ്യല്‍ അക്കാദമിയില്‍ അഡ്മിഷന് ലഭിച്ചതോടുകൂടിയാണ്. ലിഫയിലെ ചിട്ടയോടുകൂടിയ ശാസ്ത്രീയമായ പരിശീലനവും ഏറെ ഗുണം ചെയ്തതായി ഷിക്കു പറയുന്നു. സ്പോര്‍ട്സിന് പ്രശസ്തിയാര്‍ജിച്ച തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.
കഴിഞ്ഞ വര്‍ഷം ജമ്മു കാഷ്മീരില്‍ നടന്ന അഖിലേന്ത്യ അണ്ടര്‍17 സ്കൂള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി കാഴ്ചവച്ച മികച്ച പ്രകടനമാണ് ഇന്ത്യന്‍ ക്യാമ്പിലേക്കുള്ള വഴി തുറന്നത്. 2015 ലും അണ്ടര്‍14 വിഭാഗത്തില്‍ ഷിക്കു കേരളത്തിനായി അഖിലേന്ത്യ മത്സരങ്ങളില്‍ ഗോള്‍വല കാത്തിട്ടുണ്ട്.
സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഷിക്കു അണ്ടര്‍14, 17 വിഭാഗങ്ങളില്‍ തിരുവനന്തപുരം ജില്ല ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. 2015ല്‍ സെന്റ് വിന്‍സന്റ് സ്കൂൾ സുബ്രതോ മുഖര്‍ജി കപ്പില്‍ തിരുവനന്തപുരം ജില്ല ചാമ്പ്യന്മാരായപ്പോള് ഷിക്കുവായിരുന്നു നായകന്.
അസാമാന്യ ടൈംലി പൊസിഷനിംഗും ഡൈവിംഗ് കപ്പാസിറ്റിയും ഗെയിം ഇന്റെലിജന്സുമാണ് ഷിക്കുവിന്റെ പ്രത്യേകതയെന്ന് ലിഫ ടെക്നിക്കല്‍ ഡയറക്ടറും മുഖ്യ പരിശീലകനുമായ ക്ലെയോഫാസ് അലക്സ് പറഞ്ഞു.
എഎഫ്സി ‘എ’ ലൈസന്‍സ് ഹോള്‍ഡറും എഎഫ്സി ഗോള്‍കീപ്പര്‍ ലെവല്‍ ടൂ ലൈസന്‍സ് ഹോള്‍ഡറും കൂടിയായ ക്ലെയോഫാസ് അലക്സിന്റെ ശിക്ഷണം തന്നെയാണ് ഷിക്കുവിനും ലിഫയിലെ മറ്റു താരങ്ങള്‍ക്കും കരുത്തുപകരുന്നത്. ലിഫ പങ്കെടുത്തിട്ടുള്ള ഒട്ടുമിക്ക ടൂര്‍ണമെന്റുകളിലും മികച്ച ഗോള്‍ കീപ്പര്‍ അവാര്‍ഡും ഷിക്കു സ്വന്തമാക്കിയിട്ടുണ്ട്.
ഇനിയും മികച്ച ഒട്ടനവധി താരങ്ങളെ ഇന്ത്യക്കായി സംഭാവന ചെയ്യുവാന്‍ ലിഫയ്ക്ക് സാധിക്കുമെന്നു ലിഫ ഡയറക്ടര്‍ റവ. മോണ്‍. വില്‍ഫ്രഡ് അഭിപ്രായപ്പെട്ടു. അതിനയി ലിഫയ്ക്കുവേണ്ടി പ്രത്യേകം ഗ്രീന്‍ഫീല്‍ഡും ഹോസ്റ്റലും നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ഊര്‍ജിതമായി മുന്നോട്ടുപോകുന്നതായി ലിഫ അസി. ഡയറക്ടര്‍ റവ. ഫാ. ക്രിസ്തുദാസ് ഫിലിപ്പ് പറഞ്ഞു.