കണ്ണൂർ: “എനിക്ക് വലുതാകുമ്പോൾ പെയിന്ററാവണം (ചിത്രകാരി), എനിക്ക് ഡോക്ടറും…കുഞ്ചൂട്ടിയുടെയും അമ്മൂട്ടിയുടെയും ആഗ്രഹമാണിത്.
ഇന്ന് ആദ്യമായി സ്കൂളിലേക്ക് പോകുകയാണ് ഇരുവരും. കണ്ണീരിൽ എഴുതിയ കഥയാണ് ഷിൽനയുടെയും സുധാകരൻ മാഷിന്റെതെങ്കിലും മരണം തട്ടിയെടുത്ത മാഷിന്റെ ഓർമയിൽ ജീവിക്കുന്ന ഷിൽനയ്ക്ക് ജീവിക്കാൻ കരുത്തും ഊർജവും നൽകുന്നത് ഈ രണ്ട് പൊന്നോമനകളാണ്.
നിമയും നിയയും. വീട്ടുകാരുടെ സ്വന്തം കുഞ്ചൂട്ടിയും അമ്മൂട്ടിയും. സ്കൂളിൽ പോകാനൊത്തിരി ഇഷ്ടമാണ് രണ്ടാൾക്കും.. കുറെ കൂട്ടുകാരെ കിട്ടും..
പിന്നെ സിജി ടീച്ചറും മോളി ആന്റിയും ഉണ്ടാകും.. സ്കൂളിൽ പോകുന്നതിന്റെ ത്രില്ലിലാണ് ഇരുവരും. ഇന്നു മുതൽ സെന്റ് മൈക്കിൾസ് സ്കൂളിന്റെ എൽകെജി ക്ലാസിൽ പുത്തൻ ഉടുപ്പും ബാഗും കുടയുമായി ഇവരും ഉണ്ടാകും.
എൽകെജി ക്ലാസിലേക്കാണ് പോകുന്നതെങ്കിലും ഭാവിയിൽ എന്തായി തീരണമെന്ന വ്യക്തമായ പ്ലാനുണ്ട് രണ്ടാൾക്കുമെന്ന് അമ്മ ഷിൽന പറഞ്ഞു.
“അമ്മൂട്ടിക്ക് കുഞ്ചൂട്ടിയെപോലെ ചിത്രം വരയ്ക്കാൻ ഇഷ്ടമല്ലേയെന്ന ചോദ്യത്തിന് ചിത്രം വരയ്ക്കാനിഷ്ടമൊക്കെയാണ് എന്നാലും,എനിക്ക് ഡോക്ടറായാൽ മതിയെന്നായിരുന്നു മറുപടി.
കൊറ്റാളി റോഡിലെ വീടിന്റെ ചുമർ നിറയെ ഇവർ കാൻവാസാക്കിയിരിക്കുകയാണ്. ചെറിയ കുട്ടികൾ ചുമരിൽ ചിത്രം വരച്ചാൽ വഴക്കുപറയാൻ പാടില്ലെന്നാണ് ഇവരുടെ പക്ഷം.
കുഞ്ചൂട്ടിക്കാണ് ചിത്രരചന കൂടുതൽ ഇഷ്ടമെങ്കിലും അമ്മൂട്ടിയും ഒപ്പം കൂടും. തങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ നിധികളാണിതെന്നാണ് ഷിൽന പറയുന്നത്.
കുട്ടികൾ ഉണ്ടാകാനുള്ള ചികിത്സയ്ക്കായുള്ള യാത്രയ്ക്കിടെയാണ് സുധാകരൻ മാഷിനെ അപകടത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തത്.
2017 ഓഗസ്റ്റ് 17 നായിരുന്നു മാഷിന്റെ മരണം. മാഷിന്റെ മരണം എന്നെയാകെ തളർത്തി കളഞ്ഞിരുന്നു. ഞാനാ ശരീരം നോക്കിയിരുന്നു.
കൊണ്ടുപോവാൻ നേരമായി..ആ നിമിഷം, എനിക്കു തോന്നി, എനിക്ക് മാഷിന്റെ ഒരു കുട്ടിയെ വേണം…അടുത്ത ദിവസം ഞാൻ അനിയനോട് പറഞ്ഞു. എനിക്ക്, ചികിത്സ തുടരണമെന്നുണ്ട്..
അവൻ തലയാട്ടി. അച്ഛനും അമ്മയും സമ്മതിച്ചു. അങ്ങനെ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭർത്താവിന്റെ ബീജം സ്വന്തം ഗർഭപാത്രത്തിൽ നിക്ഷേപിച്ചു.
ഒട്ടും പ്രതീക്ഷിച്ചില്ല. ഇരട്ടക്കുട്ടികളാകുമെന്ന്. പക്ഷെ, ദൈവം എനിക്ക് രണ്ടു പേരെ തന്നു. എന്റെ പൊന്നോമനകൾക്ക് ജന്മം നൽകി. കുറുന്പ് കാട്ടുമെങ്കിലും വീട്ടിലെല്ലാവർക്കും ഇവർ കണ്ണിലുണ്ണികൾ.
ഇവർ സ്കൂളിൽ പോകുമ്പോൾ അച്ഛനും അമ്മയ്ക്കുമാണ് ഏറെ സങ്കടം… ഞാൻ ജോലി കഴിഞ്ഞ് വരുന്നതുവരെ ഇവരുടെ കുറുമ്പുകൾക്ക് കൂട്ടായി അച്ഛച്ചനും അമ്മമ്മയുമാണുള്ളത്.
കൊറ്റാളി റോഡിലുള്ള അങ്കണവാടിയിൽ ഇരുവരും കുറച്ചുകാലം പോയിരുന്നു. ആ സമയമത്രേയും വീട് ഉറങ്ങിയ പോലെയായിരിക്കുമെന്ന് ഷിൽന പറഞ്ഞു. തലശേരി ഫെഡറൽ ബാങ്ക് മെയിൻ ബ്രാഞ്ച് മാനേജ രാണ് ഷിൽന.