ബോളിവുഡിലെ മിന്നും താരമായിരുന്നു ശില്പ ഷെട്ടി. ഷാരൂഖ് ഖാനൊപ്പം ബാസീഗര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശില്പയുടെ അരങ്ങേറ്റം. പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമാകാന്‍ ശില്‍പ്പയ്ക്ക് സാധിച്ചു.
എന്നാല്‍ തന്നെ മുന്‍നിര സംവിധായകരോ നിര്‍മാതാക്കളോ പരിഗണിച്ചിരുന്നില്ലെന്നാണ് ഇപ്പോള്‍ ശില്പ ഷെട്ടി പറയുന്നത്. തനിക്ക് അര്‍ഹമായ അവസരങ്ങള്‍ ലഭിച്ചില്ലെന്നും പലപ്പോഴും പ്രതിഫലം തരാതിരുന്നിട്ടുണ്ടെന്നും ശില്പ പറയുന്നു.
തന്റെ പുതിയ സിനിമയായ സുഖിയുടെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് ശില്പ മനസ് തുറന്നത്.
എന്നെ ഒരു നടിയായി കണ്ടിരുന്നില്ല. എല്ലായ്പ്പോഴും എന്നെ വിലകുറച്ച് കാണുകയും ടൈപ്പ് കാസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വെറും ഗ്ലാമര്‍ താരമായിട്ടാണ് കണ്ടത്.
പക്ഷെ അതും വലിയ കാര്യമാണ്. ഇന്ന് എനിക്ക് സുഖി പോലുള്ള സിനിമ ചെയ്യാന്‍ പറ്റുന്നുണ്ട്. പക്ഷെ നിങ്ങള്‍ക്ക് ഗ്ലാമറസാകാന്‍ പറ്റുമോ? ഗ്ലാമറസാവുക എന്നാല്‍ ആരാധിക്കപ്പെടുന്നതാണ്.
എനിക്ക് ഓഫര്‍ ചെയ്യപ്പെട്ടതില്‍ നിന്നും തെരഞ്ഞെടുത്ത് ഞാന്‍ ഇതുവരെ പിടിച്ചു നിന്നുവെന്ന് എനിക്ക് പറയാം. എന്നാല്‍ എന്റെ അഭിനയശേഷി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന സിനിമയോ കഥാപാത്രമോ എനിക്ക് ലഭിച്ചിരുന്നില്ല.
ഒരുപാട് താഴ്ചകളുണ്ടെങ്കിലും എനിക്ക് നീണ്ടൊരു കരിയര്‍ കിട്ടി.
ഞാനത് ഓര്‍ത്ത് അത്ഭുതപ്പെടാറുണ്ട്. എനിക്ക് എന്തുകൊണ്ട് ഈ വേഷം വന്നില്ല, എന്തുകൊണ്ട് വലിയ ബാനറുകള്‍ എന്നെ നായികയാക്കിയില്ല എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. ഞാന്‍ നേടിയതൊക്കെ ചെറിയ സിനിമകളില്‍ വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചാണ്. ചെറിയ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.
സിനിമ ഹിറ്റായില്ലെങ്കിലും ഞാന്‍ അഭിനയിച്ച പാട്ടുകളൊക്കെ ഹിറ്റായിരുന്നു. ഞാന്‍ എന്റെ പാട്ടുകളിലൂടെയാണ് രക്ഷപ്പെട്ടത്. ഞാന്‍ ഒരിക്കലും പണത്തിന് വേണ്ടി ജോലി ചെയ്തിട്ടില്ല.
90 കളില്‍ ഞാന്‍ അഭിനയിച്ച ചില സിനിമയുടെ സംവിധായകര്‍ സിനിമ വന്‍ നഷ്ടമായിരുന്നുവെന്ന് പറഞ്ഞ് എനിക്ക് തരാനുള്ള പ്രതിഫലം തരാതിരുന്നിട്ടുണ്ട്. അതൊക്കെ തീര്‍ത്തും വ്യത്യസ്തമായൊരു കാലമായിരുന്നു- ശില്പ പറയുന്നു.
വിവാഹശേഷം ശില്പ അഭിനയത്തില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് റിയാലിറ്റി ഷോ വിധി കര്‍ത്താവായി ടെലിവിഷനില്‍ സജീവയായി മാറി. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. ഇപ്പോഴിതാ താരം ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.